ന്യൂഡല്‍ഹി: പരിസ്ഥിതി മലിനീകരണം കുറക്കുന്നതിന്റെ ഭാഗമായി സി.എന്‍.ജി. ബസ്സുകള്‍ നിരത്തിലിറക്കാന്‍ തീരുമാനിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. 1250 ലോഫ്‌ളോര്‍ ബസ്സുകളാണ് ആദ്യഘട്ടത്തില്‍ പുറത്തിറക്കുക. ഗതാഗതമന്ത്രി കൈലാഷ് ഗെലോട്ടിന്റെ അദ്ധ്യക്ഷതയില്‍ ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ (ഡി.ടി.സി.) ബോര്‍ഡു യോഗത്തിലാണ് ബസ്സുകള്‍ വാങ്ങാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ പത്തു വര്‍ഷമായി ഡി.ടി.സി. പുതിയ ബസ്സുകളൊന്നും വാങ്ങിയിട്ടില്ല. അതിനാല്‍ പുതിയതായി വാങ്ങുന്ന ലോഫ്‌ളോര്‍ ബസ്സുകള്‍ ഡി.ടി.സി. യുടെ ഭാഗമായിരിക്കും. കൂടുതല്‍ ബസ്സുകള്‍ നിരത്തിലിറങ്ങുന്നതിലൂടെ പൊതുഗതാഗതം ശക്തിപ്പെടുമെന്നും യാത്ര സുഗമമാക്കുമെന്നും ഗതാഗത മന്ത്രി വെള്ളിയാഴ്ച ചേര്‍ന്ന യോഗത്തില്‍ അറിയിച്ചു.
പുതിയ ബസ്സുകളില്‍ നിരവധി സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. റിയല്‍ ടൈം പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, സി.സി.ടി.വി. ക്യാമറകള്‍, അപായ ബട്ടനുകള്‍, ജി.പി.എസ്. സൗകര്യം, ഭിന്നശേഷിക്കാര്‍ക്കായുള്ള പ്രത്യേക സംവിധാനം എന്നിവ പുതിയ ബസ്സികളില്‍ ക്രമീകരിക്കും. മന്ത്രിമാരുടെ സമിതിയില്‍ നിന്നും അംഗീകാരം ലഭിച്ചതിനു ശേഷമേ ഡി.ടി.സി. ബസ്സുകള്‍ വാങ്ങാന്‍ ആരംഭിക്കൂ.