വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ സം​ഗീത പ്രേമികളുടെ ശേഖരങ്ങളില്‍ ഒന്നായിരുന്നു കാസറ്റുകള്‍. അന്ന് ഇഷ്ട ​ഗാനങ്ങളുടെ കാസറ്റുകള്‍ വാങ്ങി സൂക്ഷിക്കുക എന്നത് എല്ലാവരുടെയും രീതിയായിരുന്നു. എന്നാല്‍ കാലം മാറിയപ്പോള്‍ അതിലും മാറ്റം വന്നു. ഏത് പാട്ടും വിരല്‍ തുമ്ബില്‍ ലഭിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍. എന്നാല്‍, ഇന്ത്യ കാസറ്റിലേക്ക് തിരിച്ചുപോകുമോ എന്ന സംശയത്തിലാണ് സംവിധായകനും ​ഗായകനുമായ വിനീത് ശ്രീനിവാസന്‍. സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു താരം ആരാധകരോട് അഭിപ്രായം ചോദിക്കുകയുണ്ടായത് .

“കുറച്ച്‌ നാളുകളായി നിങ്ങളോട് ഇത് ചോദിക്കണം എന്ന് വിചാരിക്കുന്നു. ഞങ്ങളുടെ സിനിമകളിലെ പാട്ടുകളുടെ ഓഡിയോ കാസറ്റ് പുറത്തിറക്കിയാല്‍ ആരെങ്കിലും വാങ്ങാന്‍ തയാറാകുമോ? ചില വിദേശ രാജ്യങ്ങളിലേതുപോലെ ഇന്ത്യയിലും ഓഡിയോ കാസറ്റുകള്‍ തിരിച്ചുവരുമെ‌ന്ന് ആരെങ്കിലും കരുതുന്നുണ്ടോ? പഴയ കാലത്തെപ്പോലെ ഫിസിക്കല്‍ കോപ്പികള്‍ സൂക്ഷിക്കാന്‍ ആ​ഗ്രഹിക്കുന്നവരുണ്ടോ? പാട്ടുകള്‍ കേള്‍ക്കാന്‍ വാക്ക്മാനും കാസറ്റ് പ്ലേയറും ഇപ്പോഴും ഉപയോ​ഗിക്കുന്നവരുണ്ടോ? ഒരുപാട് ചോദ്യങ്ങളുണ്ടെന്ന് എനിക്കറിയാം. പക്ഷേ അഭിപ്രായങ്ങള്‍ അറിയുന്നതിനു വേണ്ടിയാണ് ഞാനിത് ചോദിക്കുന്നത്”, എന്നായിരുന്നു വിനീത് ഇന്‍സ്റ്റാ​ഗ്രാമിലൂടെ ചോദിച്ചത് .

വിനീതിന്റെ പോസ്റ്റിന് പിന്നാലെ മറുപടിയുമായി നിരവധി പേര്‍ രം​ഗത്തെത്തുകയുണ്ടായി. ഭൂരിഭാ​ഗം പേരും പറയുന്നത് കാസറ്റ് പുറത്തിറക്കുന്നത് ഒരിക്കലും വിജയകരമാവില്ല എന്നായിരുന്നു.

എന്നാല്‍, മറ്റൊരു അതിശയിപ്പിക്കുന്ന കാര്യമാണ് ഇതോടൊപ്പം ഉണ്ടായത്. ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ നല്‍കിയ മറുപടിയാണ് അത്. “നിങ്ങള്‍ കാസറ്റുകള്‍ പുറത്തിറക്കുകയാണെങ്കില്‍ ഞാന്‍ ഒരെണ്ണം ഉറപ്പായും വാങ്ങും”, എന്നായിരുന്നു സഞ്ജു എഴുതിയ മറുപടി . നിറയെ ലൗ ചിഹ്നങ്ങള്‍ക്കൊപ്പം സഞ്ജു എന്നായിരുന്നു കമന്റിന് വിനീത് കൊടുത്ത മറുപടി.