ആലുവ: ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഭര്‍ത്താവിനെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനുള്ള പണവുമായാണ് കൊടകര സ്വദേശിനി പി.സി. ഷിജി കഴിഞ്ഞ ദിവസം തൃശൂര്‍-എറണാകുളം റൂട്ടിലെ കെ.എസ്.ആര്‍.ടി.സി ബസില്‍ കയറിയത്. കൈയിലെ ബാഗില്‍ ഒന്നര ലക്ഷം രൂപയോളം ഉണ്ടായിരുന്നു. കൊടകരയില്‍ നിന്ന് ബസ് കയറി കറുകുറ്റി ഭാഗത്ത് ധൃതിയില്‍ ഇറങ്ങുമ്ബോള്‍ ബാഗ് എടുക്കാന്‍ മറന്നു.

ബസ് വിട്ടുപോയ ശേഷമാണ് ബാഗ് എടുക്കാന്‍ മറന്ന കാര്യം ഓര്‍മ വന്നത്. അത്രയും പണം നഷ്ടമാകുന്ന കാര്യം ഓര്‍ക്കാന്‍ പോലും പറ്റുന്നതായിരുന്നില്ല. ഉടനെ മറ്റൊരാളുടെ ബൈക്കില്‍ കയറി അങ്കമാലി സ്റ്റാന്‍ഡിലെത്തി അധികൃതരെ വിവരമറിയിച്ചു.

ആലുവ ഡിപ്പോയിലെ ആര്‍.എസ്.സി 806 നമ്ബര്‍ ബസ്സിലാണ് ഷിജി യാത്ര ചെയ്തത് എന്ന് കണ്ടെത്തി. ഇതോടെ അങ്കമാലിയിലെ ഉദ്യോഗസ്ഥര്‍ ആലുവ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ വിവരമറിയിച്ചു. ഉടന്‍ ആലുവയിലെ ഉദ്യോഗസ്ഥരും ബസിലെ ഡ്രൈവര്‍ എം.ബി. സുരേഷും, കണ്ടക്ടര്‍ പി.വി. സാബുവും ചേര്‍ന്ന് ബസില്‍ തിരച്ചില്‍ നടത്തി. ബാഗും പണവും ബസില്‍ തന്നെയുണ്ടായിരുന്നു.

തുടര്‍ന്ന് ആലുവ ഡിപ്പോയിലെ ജനറല്‍ കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ പി.എന്‍. സന്തോഷ്, ആലുവ കണ്‍ട്രോള്‍ റൂം എസ്.ഐ സി.കെ. ഷിബു എന്നിവര്‍ ചേര്‍ന്ന് ഷിജിക്ക് ബാഗ് കൈമാറി.