ചെന്നൈ: ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍റെ ജീവിതത്തെ ആധാരമാക്കി ഒരുങ്ങുന്ന ചിത്രത്തിനെതിരെ തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധമാണ് നടക്കുന്നത് . വിജയ് സേതുപതി ചിത്രത്തില്‍ നിന്ന് പിന്‍മാറണമെന്ന ആവശ്യമുന്നയിച്ച്‌ ഒരു വിഭാഗം തമിഴ് സിനിമാപ്രവര്‍ത്തകരും രാഷ്ട്രീയ സംഘനകളും പ്രധിഷേധം അറിയിക്കുകയുണ്ടായിരുന്നു . എന്നാല്‍ ഇതിനെതിരെ മുത്തയ്യ മുരളീധരന്‍ പ്രതികരികുകയുണ്ടായി.

“തന്നെ തമിഴ് വിരുദ്ധനായി ചിത്രീകരിക്കുന്നതില്‍ ദുഖമുണ്ടെന്നാണ് ” മുത്തയ്യ മുരളീധരന്‍ പ്രതികരിച്ചത്.
‘800’ ചിത്രത്തിന്‍റെ മോഷന്‍ ടീസര്‍ പുറത്തുവന്നതിനെ തുടര്‍ന്ന് വിജയ് സേതുപതിക്കെതിരെ തീവ്ര തമിഴ് സംഘടനകള്‍ തുടക്കമിട്ട പ്രതിഷേധം സിനിമാ മേഖലയിലെ ഒരു വിഭാഗവും ഏറ്റെടുക്കുകയായിരുന്നു. സിനിമയില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് സംവിധായകന്‍ ചേരന്‍റെ നേതൃത്വത്തില്‍ വിജയ് സേതുപതിക്ക് കത്തും നല്‍കുകയുണ്ടായി.

ഇവയ്ക്കു പുറമെ സിനിമയില്‍ നിന്നും സ്വമേധയാ വിജയ് സേതുപതി പിന്‍മാറണമെന്ന് രാജ്യസഭാ എംപിയും എംഡിഎംകെ നേതാവുമായി വൈക്കോയും ആവശ്യപ്പെട്ടിരുന്നു. തമിഴ് ജനതയുടെ ആത്മാഭിമാനത്തില്‍ വീണ്ടും മുറിവേല്‍പ്പിക്കാന്‍ അനുവദിക്കില്ലെന്ന് പിഎംകെ പറഞ്ഞു. തമിഴരെ അടിച്ചമര്‍ത്തുന്ന ശ്രീലങ്കന്‍ ഭരണകൂടത്തിന്‍റെ പ്രതിനിധിയാണ് മുത്തയ്യ മുരളീധരനെന്നും സിനിമ ചെയ്യുന്നത് അപമാനകരമെന്നുമാണ് ഉയരുന്ന വാദം.

സംഭവം രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവച്ചതോടെ പത്രക്കുറിപ്പിലൂടെ ആദ്യ പ്രതികരണവുമായി മുത്തയ്യ മുരളീധരന്‍ തന്നെ പ്രതികരണം അറിയിക്കുകയായിരുന്നു . തന്നെ തമിഴ് വിരുദ്ധനായി ചിത്രീകരിക്കാനാണ് ബോധപ്പൂര്‍വ്വം ശ്രമം. താനും തമിഴ് വംശജനാണെന്ന കാര്യം മറക്കരുത്, തന്‍റെ കുടുംബവും ആഭ്യന്തര സംഘര്‍ഷത്തിന്‍റെ ഇരകളാണ്. മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും ആദരവ് അര്‍പ്പിക്കാനാണ് സിനിമയ്ക്ക് സമ്മതം നല്‍കിയത്. യുദ്ധത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടതിന്‍റെ വേദന നന്നായി അറിയാമെന്നും ശ്രീലങ്കയിലെ തമിഴ് ജനത ഏറ്റവും പ്രിയപ്പെട്ടവരെന്നും സണ്‍റൈസേഴ്സിന്‍റെ യുഎഇ ക്യാമ്ബില്‍ നിന്നും മുത്തയ്യ പറയുന്നു. എന്നാല്‍, താരത്തിന് പിന്തുണ അറിയിച്ച്‌ വരലക്ഷ്മി, ശരത്കുമാര്‍ ഉള്‍പ്പടെയുള്ള താരങ്ങളും ബിജെപിയും രംഗത്തെത്തുകയുണ്ടായിരുന്നു .