ന്യൂയോർക്ക് ∙ ഹിന്ദു ചാരിറ്റീസ് ഓഫ് അമേരിക്കാ സ്ഥാപകനും ഇന്ത്യൻ അമേരിക്കൻ വംശജനുമായ ഹരീഷ് കൊട്ടേച്ചക്ക് സാന്ദ്ര നീസ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്. നാഷനൽ അസോസിയേഷൻ ഫോർ എഡുക്കേഷൻ ഓഫ് ഹോംലസ് ചിൽഡ്രൻ ആന്റ് യൂത്താണ് അവാർഡിനായി ഹരീഷിനെ തിരഞ്ഞെടുത്തത്. ഒക്ടോബർ 9 ന് സമാപിച്ച മുപ്പത്തിരണ്ടാമത് കൺവെൻഷനിൽ വെച്ചാണ് അവാർഡ് വിതരണം നടന്നത്.

കുട്ടികളുടെ ഭാവി, സുരക്ഷിതത്വം, അഭയം എന്നിവ സംരക്ഷിക്കുന്നതിന് വിശ്രമമില്ലാതെ പ്രവർത്തിക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്നവർക്ക് വർഷംതോറും നൽകി വരുന്നതാണ് ഈ അവാർഡ്. ഹരീഷിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തിയ അവാർഡ് കമ്മിറ്റി ഐക്യകണ്ഠേനെയാണ് ഇദ്ദേഹത്തെ തിരഞ്ഞെടുത്തതെന്ന് സംഘടനയുടെ പ്രസിഡന്റ് ജിമിയു ഇവാൻ അറിയിച്ചു.

ലഭിച്ച അവാർഡ് ഹിന്ദു ചാരിറ്റീസ് ഓഫ് അമേരിക്കയുടെ വളണ്ടിയർമാർ, സംഭാവന നൽകിയവർ, അഭുദയകാംഷികൾ, സഹപ്രവർത്തകർ എന്നിവർക്കായി സമർപ്പിക്കുന്നുവെന്ന് ഹരീഷ് പറഞ്ഞു. ഓസ്റ്റിൻ ഐഎസ്ഡിക്ക് ഹരീഷ് ചെയ്ത സേവനങ്ങൾ എടുത്തു പറഞ്ഞ കോർഡിനേറ്റർ റോസി കോൾമാൻ ഹരീഷ് മാത്രമാണ് ഈ അവാർഡിന് അർഹനെന്നും കൂട്ടിച്ചേർത്തു.