ടോക്കിയോ: യുണൈറ്റഡ് അറബ് എമിറേറ്റിന്റെ ചരിത്രദൗത്യം ഏറ്റെടുത്ത് അറബ് ലോകത്തിന്റെ ആദ്യ ബഹിരാകാശ പേടകം ചൊവ്വയിലേക്ക് കുതിച്ചു. ജപ്പാനിലെ തനെഗഷിമ ബഹിരാകാശ കേന്ദ്രത്തില്‍ പുലര്‍ച്ചെ 1.58നാണ് വിക്ഷേപണം നടന്നത്. പ്രതീക്ഷ എന്ന് അര്‍ഥം വരുന്ന ‘അമാല്‍’ എന്ന് പേരിട്ട പദ്ധതിയുടെ കൗണ്‍ഡൗണ്‍ അറബിയിലായിരുന്നു.

വിക്ഷേപണം നടന്ന് ഒരു മണിക്കൂറിന് ശേഷം ലോഞ്ച് വെഹിക്കിളില്‍ നിന്നും ഹോപ്പ് പ്രോബ് വിജയകരമായി വേര്‍പ്പെടുത്തിയതായി ലോഞ്ച് ഓപ്പറേറ്റര്‍ മിത്സുബിഷി ഹെവി ഇന്‍ഡസ്ട്രീസ് ലോഞ്ച് സര്‍വീസസ് സ്ഥിരീകരിച്ചു. 200 ദിവസത്തെ യാത്രയ്ക്കൊടുവില്‍ പേടകം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തും.

മിനിറ്റുകള്‍ക്കുള്ളില്‍ പ്രോബ് ടെലികോം സംവിധാനം സജ്ജമായി. ആദ്യ സിഗ്‌നല്‍ ദുബായ് അല്‍ ഖവനീജിലെ മിഷന്‍ കണ്‍ട്രോള്‍ റൂമിന് കൈമാറുകയും ചെയ്തതായി പ്രോബ് ഡയറക്ടര്‍ ഒമ്രാന്‍ ഷറഫ് അറിയിച്ചു.

എച്ച്‌-ടു എ റോക്കറ്റിലായിരുന്നു വിക്ഷേപണം. 1.3 ടണ്‍ ഭാരമാണ് ഹോപ്പ് പ്രോബിനുള്ളത്. 73.5 കോടി ദിര്‍ഹത്തിന്റേതാണ് പദ്ധതി. 135 ഇമറാത്തി എഞ്ചിനീയര്‍മാര്‍, ശാസ്ത്രജ്ഞര്‍, ഗവേഷകര്‍ എന്നിവരുടെ ആറ് വര്‍ഷത്തെ അധ്വാനത്തിന്റെ ഫലമാണിത്.

യുഎഇയുടെ രൂപീകരണത്തിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിക്കുന്ന 2021 ഫെബ്രുവരിയില്‍ ഹോപ്പ് ചൊവ്വയിലെത്തും.

ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും താപനിലയെക്കുറിച്ചും മനസ്സിലാക്കാനുള്ള ഇന്‍ഫ്രാറെഡ് സ്പെക്‌ട്രോമീറ്റര്‍, ഓസോണ്‍ പാളികളെക്കുറിച്ചു പഠിക്കാനുള്ള ഇമേജര്‍, ഓക്സിജന്റെയും ഹൈഡ്രജന്റെയും തോത് നിര്‍ണയിക്കാനുള്ള അള്‍ട്രാവയലറ്റ് സ്പെക്‌ട്രോ മീറ്റര്‍ എന്നീ മൂന്ന് ഘടകങ്ങളാണ് ഹോപ്പില്‍ ഉള്ളത്.

ജപ്പാനിലെ മോശം കാലാവസ്ഥയെത്തുടര്‍ന്ന് രണ്ട് തവണ മാറ്റിവെച്ച ചരിത്ര ദൗത്യമാണിത്. ജൂലായ് 15-നാണ് കുതിപ്പിന് തീരുമാനിച്ചിരുന്ന ആദ്യതീയതി. എന്നാല്‍ വീണ്ടും 48 മണിക്കൂര്‍ വൈകി 17-ലേക്ക് മാറ്റിവെച്ചു.

ആദ്യ ഇമറാത്തിനിര്‍മിത ഉപഗ്രഹമായ ഖലീഫാസാറ്റ് 2018-ല്‍ വിജയകരമായി ബഹിരാകാശത്തേക്ക് വിക്ഷേപിച്ച അതേ സ്ഥലത്താണ് ഹോപ്പിന്റെ വിക്ഷേപണവും നടന്നത്.

2117 ഓടെ ചൊവ്വയില്‍ ഒരു മനുഷ്യ കോളനി പണിയാന്‍ യുഎഇ ലക്ഷ്യമിട്ടിട്ടുണ്ട്.

“50 വര്‍ഷത്തിനുള്ളില്‍ യുഎഇക്ക് ചൊവ്വയിലെത്താന്‍ കഴിയുമെങ്കില്‍ അവര്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാകുമെന്നുള്ള ശക്തമായ സന്ദേശമാണ് ഇത് അറബ് യുവാക്കള്‍ക്ക് നല്‍കുന്നത്,” എമിറേറ്റ്സ് മാര്‍സ് മിഷന്റെ പ്രോജക്‌ട് ഡയറക്ടര്‍ ഒമ്രാന്‍ ഷറഫ് ഞായറാഴ്ച അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.