കൊല്‍ക്കത്ത | കൊറോണവൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കണ്ടെയ്ന്‍മെന്റ് സോണിലും കൂടുതല്‍ രോഗബാധയുള്ളിടത്തും ലോക്ക്ഡൗണ്‍ കര്‍ക്കശമാക്കി പശ്ചിമ ബംഗാള്‍. വ്യാഴാഴ്ച വൈകിട്ട് മുതലാണ് നടപടികള്‍ കര്‍ശനമാക്കുക. ഇതുപ്രകാരം കൊല്‍ക്കത്തയിലെ അധിക ഭാഗങ്ങളും രോഗബാധ കൂടുതലുള്ള സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളും അടച്ചിടും.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ വ്യാഴാഴ്ച വൈകിട്ട് അഞ്ച് മുതല്‍ ഗതാഗതം നിരോധിക്കും. ഓഫീസുകള്‍ അടക്കുകയും ചെയ്യും. അവശ്യ സേവനങ്ങളല്ലാതെ ഒന്നും അനുവദിക്കില്ല. ഷോപ്പിംഗ് മാളുകളും വ്യവസായ സ്ഥാപനങ്ങളും അടച്ചിടും. കണ്ടെയ്ന്‍മെന്റ് സോണുകളുടെ പ്രവേശനവും പുറത്തുകടക്കലും നിയന്ത്രിക്കും.

കൊല്‍ക്കത്തയില്‍ 18 കണ്ടെയ്ന്‍മെന്റ് സോണുകളും 1872 ഐസൊലേഷന്‍ യൂനിറ്റുകളുമാണുള്ളത്. രാജ്യത്ത് ഏറ്റവുമധികം കൊവിഡ് ബാധയുണ്ടായതില്‍ എട്ടാം സ്ഥാനത്താണ് പശ്ചിമ ബംഗാളുള്ളത്. സംസ്ഥാനത്ത് 23000 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 779 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.