കൊച്ചി > കൊല്ലം എസ് എന് കോളേജ് സുവര്ണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസില് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി എസ് എന് ഡി പി യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഹൈക്കോടതിയില് ഹര്ജി നല്കി.ഹര്ജി കൂടുതല് വാദത്തിനായി കോടതി ബുധനാഴ്ച്ചത്തേക്ക് മാറ്റി.

കേസില് ഉടന് കുറ്റപത്രം നല്കാന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. പണ സംബന്ധമായ ചില രേഖകള് എസ്‌എന് ട്രസ്റ്റിന്റെ അക്കൗണ്ടിലും ലഡ്ജറിലും ഉണ്ടെന്നും ഇവ കണക്കിലെടുക്കാതെ അന്വേഷണ സംഘം കുറ്റപത്രം നല്കാനൊരുങ്ങുകയാണെന്നുമാണ് ഹര്ജിയിലെ ആരോപണം. എക്സിബിഷന് വരവില് 20 ലക്ഷം രൂപ കണക്കിലുണ്ടെന്നും ഇത് അംഗീകരിച്ചാല് ആരോപണം നിലനില്ക്കില്ലെന്നും ഹര്ജിയില് പറയുന്നു. സുവര്ണ ജൂബിലി ആഘോഷ നടത്തിപ്പിനായി വെള്ളാപ്പള്ളി ജനറല് കണ്വീനറായി 1997-98 കാലയളവില് പിരിച്ച 1,02,61296 രൂപയില് 48 ലക്ഷം തിരിമറി നടത്തിയെന്നാണ് ആരോപണം.എസ്‌എന് ട്രസ്റ്റ് ട്രസ്റ്റിയായിരുന്ന കൊല്ലം കടപ്പാക്കട സ്വദേശി പി.സുരേഷ് ബാബു 2004ല് നല്കിയ സ്വകാര്യ അന്യായത്തിലാണ് സി ജെ എം കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

റിപോര്ട്ട് സമര്പ്പിക്കാന് വൈകിയതിനെ തുടര്ന്നുണ്ടായ കോടതിയലക്ഷ്യ ഹര്ജിയിലാണ് കുറ്റപത്രം നല്കാന് ഹൈകോടതി ഉത്തരവിട്ടത്.