ന്യൂഡല്‍ഹി : ഇന്ത്യ ചൈന അതിര്‍ത്തി പ്രദേശമായ കിഴക്കന്‍ ലഡാക്കില്‍ പാംഗോങ് തടാകതീരത്ത് ചൈന ഹെലിപ്പാഡ് നിര്‍മിക്കുന്നതായി റിപ്പോര്‍ട്ട് . ഫിംഗര്‍ 4 മേഖലയില്‍ രണ്ടു മാസമായി ഹെലിപ്പാഡ് നിര്‍മാണപ്രവര്‍ത്തനം നടക്കുന്നു . ഗല്‍വാന്‍ നദിയുടെ കരയില്‍ 9 കിലോമീറ്ററിനുള്ളില്‍ ചൈനീസ് സേനയുടെ 16 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉപഗ്രഹദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു .

ഈ മേഖലയില്‍ സേനാ പിന്മാറ്റത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ചൈനയ്ക്ക് താല്‍പ്പര്യമില്ലെന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നതെന്ന് കരസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ത്യക്ക് ഇവിടെ മതിയായ സേനാ വിന്യാസമുണ്ട് . പാംഗോങ് തടാകവും ഇതിന്റെ വടക്കുഭാഗത്തെ തീരവും ഇന്ത്യ ചൈന തര്‍ക്കമേഖലയാണ് .

ഫിംഗര്‍ നാലില്‍ ഇരുസേനയും അരക്കിലോമീറ്റര്‍ മാത്രം അകലത്തിലാണ് നിലയുറപ്പിച്ചിരിക്കുന്നത് . ഇന്ത്യക്ക് തന്ത്രപ്രധാനമായ ദര്‍ബൂക്ക്–ദൗലത് ബേഗ് ഒല്‍ദി ദേശീയപാതയില്‍നിന്ന് ആറ് കിലോമീറ്റര്‍ മാത്രം അകലെ ചൈനീസ് സൈന്യം എത്തിയിട്ടുണ്ട് . ഈ റോഡിന്റെ നിര്‍മാണത്തോടെ മേഖലയില്‍ ഏതു പ്രതികൂല കാലാവസ്ഥയിലും എത്തിച്ചേരാന്‍ ഇന്ത്യന്‍ സേനയ്ക്ക് സാധിക്കും .