ബംഗലുരു: തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കുന്ന കര്‍ണാടകത്തില്‍ ഭരണം തുടരാനുള്ള തത്രപ്പാടിലാണ് ബിജെപി. അണിയറയില്‍ തന്ത്രങ്ങള്‍ രൂപപ്പെടുത്തുമ്പോഴും കൊഴിഞ്ഞുപോക്കും അഴിമതി ആരോപണങ്ങളും കര്‍ണാടകത്തില്‍ ഭരണകക്ഷിയെ കലുഷിതമാക്കുമ്പോള്‍ കര്‍ണാടകത്തില്‍ മറ്റൊരു സന്ദര്‍ശനത്തിന് ഒരുങ്ങുകയാണ് മോഡി. ഒരു പദ്ധതി ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നരേന്ദ്രമോഡി ഇന്ന് കര്‍ണാടകത്തിലെത്തും.

തെരഞ്ഞെടുപ്പ് തീയതി ഉടന്‍ പ്രഖ്യാപിക്കാനിരിക്കെ ഈ വര്‍ഷം തന്നെ നരേന്ദ്രമോഡി കര്‍ണാടകത്തില്‍ എത്തുന്നത് ഏഴാം തവണയാണ്. ഈ വര്‍ഷം അനേകം പദ്ധതികളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കര്‍ണാടകത്തില്‍ അനേകം തവണ വന്നുപോയ നരേന്ദ്രമോഡിയുടെ തെരഞ്ഞെടുപ്പ് മാജിക്കില്‍ തന്നെയാണ് ബിജെപി സംസ്ഥാനഘടകം ഇപ്പോഴും വിശ്വസിക്കുന്നത്. ശനിയാഴ്ച ചിക്കബല്ലാപ്പൂരിലെ ശ്രീമധുസുദനന്‍ സായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് റിസര്‍ച്ച്, ബംഗലുരുവിലെ കൃഷ്ണരാജപുര മെട്രോലൈന്‍ എന്നിവ ഉദ്ഘാടനം ചെയ്യാന്‍ കൂടിയാണ് മോഡി എത്തുന്നത്. ബിജെപിയുടെ വിജയ സങ്കല്‍പ്പ യാത്രയുമായി ബന്ധപ്പെട്ട് അമിത്ഷാ നിലവില്‍ കര്‍ണാടകത്തിലുണ്ട്.

ഭരണം നിലനിര്‍ത്താന്‍ എല്ലാ തരത്തിലുള്ള തയ്യാറെടുപ്പുകളും നടത്തുന്നുണ്ടെങ്കിലൂം അനേകം വെല്ലുവിളികള്‍ ബിജെപി നേരിടുന്നുണ്ട്. എംഎല്‍എ ആയ മദന്‍ വിരുപക്ഷപ്പ അഴിമതിക്കേസില്‍ കുരുങ്ങിയതാണ് ഏറ്റവും വലിയ വെല്ലുവിളി. ടെന്‍ഡര്‍ വിവാദത്തില്‍ 40 ലക്ഷം കൈക്കൂലി വാങ്ങിയെന്ന കേസിലെ പ്രധാന ആരോപിതനാണ് ബിജെപി എംഎല്‍എ.

ബിജെപിയ്ക്കുള്ളിലെ ഉള്‍പ്പോരും മറനീക്കി പുറത്തുവന്നിരുന്നു. പാര്‍ട്ടിക്കുള്ളില്‍ തന്നെ ഇടഞ്ഞു നില്‍ക്കുന്ന മന്ത്രി വി. സോമണ്ണ ഉയര്‍ത്തുന്ന സമ്മര്‍ദ്ദം ചെറുതല്ല. ജെ.പി. നദ്ദ പങ്കെടുത്ത വിജയ് സങ്കല്‍പ്പ് യാത്രയുടെ ഉദ്ഘാടനത്തില്‍ പ്രതിഷേധിച്ച് സോമണ്ണ വിട്ടു നിന്നത് വിവാദമായിരുന്നു.

ഇതിനൊപ്പം തന്നെ ബിജെപിയുടെ ബാബുറാവു ചിഞ്ചാന്‍സൂറും പുട്ടാണയും കോണ്‍ഗ്രസില്‍ പോയി ചേര്‍ന്നത് പ്രാദേശിക നേതൃത്വത്തെ കുഴപ്പത്തിലാക്കിയിട്ടുണ്ട്. കൂടാതെ യെദ്യൂരപ്പയുടെ വിശ്വസ്തരില്‍ ഒരാളായ മുന്‍ എംഎല്‍സി മോഹന്‍ ലിംബിക്കായ് യും പോയി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ചിക്മംഗലുരുവിലെ നേതാവ് എച്ച്.ഡി. തമയ്യയും കോണ്‍ഗ്രസില്‍ ചേര്‍ന്നു.

ബിജെപിയിലേക്ക് പോയ മുന്‍ കര്‍ണാടകാ എംഎല്‍എ മാരായ ജി.എന്‍. നഞ്ചുണ്ട സ്വാമി, മനോഹര്‍ ഐനാപൂര്‍, മുന്‍ മൈസൂര്‍ മേയര്‍ പുരുഷോത്തം എന്നിവര്‍ നേരത്തേ തന്നെ കോണ്‍ഗ്രസിലേക്ക് തിരിച്ചുപോയി. 2018 ല്‍ ഓപ്പറേഷന്‍ ലോട്ടസിന്റെ ഭാഗമായിരുന്ന മന്ത്രി കെ.സി. നാരായണ ഗൗഡയും കോണ്‍ഗ്രസിലേക്ക് തിരിച്ചുപോകുമെന്ന സൂചനകള്‍ വരുന്നുണ്ട്.