കൊച്ചി: വീണ്ടും വെളിപ്പെടുത്തലുമായി ശോഭാ സുരേന്ദ്രന്‍. എല്‍ഡിഎഫ് കണ്‍വീനറും സിപിഎം നേതാവുമായ ഇപി ജയരാജനെ ബിജെപിയിലേക്ക് ക്ഷണിക്കുന്നതിനായി മൂന്നുതവണ ചര്‍ച്ച നടത്തിയെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു  ശോഭയുടെ വെളിപ്പെടുത്തൽ. 

അവസാനചര്‍ച്ച ജനുവരി രണ്ടാംവാരത്തില്‍ ഡല്‍ഹിയില്‍ വച്ചായിരുന്നെന്നും സിപിഎം നേതാക്കളുടെ ഭീഷണിയെ തുടര്‍ന്നാണ് പിന്‍മാറിയതെന്നും ശോഭ പറഞ്ഞു.

പാര്‍ട്ടി നേതൃത്വത്തിന്റെ ഭീഷണിയെ തുടര്‍ന്നാണ് അദ്ദേഹം പിന്‍വാങ്ങിയതെന്ന് താന്‍ കരുതുന്നുവെന്ന് ശോഭ പറഞ്ഞു. ദല്ലാള്‍ നന്ദകുമാറിനൊപ്പമാണ് അദ്ദേഹം ഡല്‍ഹിയില്‍ എത്തിയത്. നന്ദകുമാര്‍ തന്നെയാണ് വിവരങ്ങള്‍ പിണറായി വിജയന് ചോര്‍ത്തി നല്‍കിയതെന്ന് താന്‍ കരുതുന്നതെന്നും ശോഭ കൂട്ടിച്ചേർത്തു.

ആലപ്പുഴയില്‍ ശക്തമായ ത്രികോണമത്സരം നടക്കുന്നതിനിടെ തന്നെ തോല്‍പ്പിക്കാന്‍ നന്ദകുമാര്‍ സിപിഎമ്മുമായി കൂട്ടുണ്ടാക്കുകയും തനിക്കെതിരെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാനും തുടങ്ങിയതോടെയാണ് ഇക്കാര്യം പുറത്തുപറയാന്‍ തയ്യാറായത്. 

ജാവഡേക്കറുമായി ജയരാജന്‍ നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ തനിക്ക് അറിയില്ല. തനിക്കെതിരെ കേസ് കൊടുക്കുമെന്ന് ജയരാജന്‍ പറയുന്നു. ജയരാജന്‍ കൂടിക്കാഴ്ച നടത്തിയതായി നന്ദകുമാറും പറയുന്നു. എന്നിട്ട് എന്തുകൊണ്ടാണ് നന്ദകുമാറിനെതിരെ ജയരാജന്‍ കേസ് കൊടുക്കാത്തതെന്നും ശോഭ ചോദിച്ചു.