തിരുവനന്തപുരം : ബിജെപി പ്രവേശന വിവാദത്തില്‍ ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനം ഇപി ജയരാജൻ ഒഴിയേണ്ടി വന്നേക്കും. പാര്‍ട്ടിക്കുള്ളിലേയും മുന്നണിക്കുളളിലേയും അമര്‍ഷത്തെ തുടര്‍ന്നാണ് കടുത്ത നടപടിക്ക് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. നിലവിലെ നാണക്കേടും വിവാദങ്ങളും ജയരാജനെ മാറ്റി നിര്‍ത്തുന്നതിലൂടെ മറികടക്കാമെന്നാണ് വിലയിരുത്തല്‍. 

കോണ്‍ഗ്രസില്‍ നിന്ന് പ്രാദേശിക നേതാവ് പോലും ബിജെപിയിലേക്ക് പോകുമ്ബോള്‍ വലിയ പ്രചരണവും പരിഹാസവും നടത്തുന്ന സിപിഎമ്മിന് വലിയ തിരിച്ചടിയാണ് ജയരാജൻ വിവാദം.

തന്റെ പഴയ വിശ്വസ്തനെ പൂര്‍ണ്ണമായി തള്ളിപ്പറയുന്നതിലൂടെ ഇനിയൊരു അവസരം ഇല്ല എന്ന് തന്നെയാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനടക്കം ഒരു നേതാവും ഇപിയെ പിന്തുണച്ച്‌ രംഗത്തെത്തിയിട്ടില്ല. 

പാര്‍ട്ടി അച്ചടക്ക നടപടികളില്‍ ഒന്നായ പരസ്യ ശാസന ഇപിയുടെ കാര്യത്തില്‍ ഉണ്ടായിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ അടുത്തത് കടുത്ത നടപടികളാണ്. ഇടത് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നതില്‍ അവസാനിക്കുമോ കേന്ദ്ര കമ്മറ്റിയംഗത്തിനെതിരായ അച്ചടക്ക നടപടിയെന്നാണ് ഇനി അറിയേണ്ടത്.