മുംബൈയേയും നവിമുംബൈയേയും ബന്ധിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും നീളംകൂടിയ കടല്‍പ്പാലമായ ‘അടല്‍ സേതു’ ഗതാഗതത്തിനായി തുറന്നിട്ട് 100 ദിവസം പിന്നിട്ടിരിക്കുകയാണ്. കടലിനു കുറുകെ 22 കിലോമീറ്റർ ദൈർഘ്യത്തിൽ സ്‌ഥിതി ചെയ്യുന്ന കടൽപ്പാലം കഴിഞ്ഞ ജനുവരി 13 ആണ് ഗതാഗതാവശ്യങ്ങൾക്കായി തുറന്നുകൊടുത്തത്. 100 ദിവസം പിന്നിടുമ്പോൾ പാലത്തിന്റെ ടോൾ വിവരം പുറത്തുവിടുകയാണ് അധികൃതർ.

ഏപ്രില്‍ 23 വരെയുള്ള കണക്കനുസരിച്ച് ഏകദേശം 21.9 ലക്ഷം വാഹനങ്ങളാണ് ഇതുവഴി കടന്നുപോയത്. ഇതില്‍ 21.1 ലക്ഷവും കാറുകളാണ്.16,569 ബസുകളും 43,876 മള്‍ട്ടി ആക്‌സില്‍ വാഹനങ്ങളും 105 അമിത വലിപ്പമുള്ള വാഹനങ്ങളും ഇതുവഴികടന്നുപോയി. ദിവസം ശരാശരി 22,000 വാഹനങ്ങള്‍ പാലത്തിലൂടെ പോകുന്നുവെന്നാണ് കണക്ക്.

കാറുകൾക്ക് 250 രൂപയാണ് ഒരു വശത്തേക്ക് ടോളായി ഈടാക്കുന്നത്. ഇരു വശത്തേക്കുമായി 375 രൂപവരും. പ്രതിമാസ പാസിന് 12,500 രൂപയും ഒരു വർഷത്തേക്കുള്ള പാസിന് 1.5 ലക്ഷം രൂപയുമാണ് നിരക്ക്. ദിവസവും 70,000 വാഹനങ്ങളായിരുന്നു പ്രതീക്ഷിച്ചതെങ്കിലും നിലവിൽ 22,000 വാഹനങ്ങൾ മാത്രമാണുളളത്. ആദ്യമാസത്തിൽ 8.13 ലക്ഷം വാഹനങ്ങളിൽ നിന്നായി 13.95 കോടി രൂപയാണ് ടോളായി പിരിച്ചത്. 100 ദിവസം പിന്നിടുമ്പോൾ ഇത് 38 കോടി രൂപ വരെയായി ഉയർന്നു.

നവി മുംബൈയിൽനിന്ന് മുബൈയിലേക്കുള്ള ഗതാഗതം മെച്ചപ്പെടുത്തി നഗരത്തിലെ തിരക്ക് കുറയ്‌ക്കുന്നതിന് ലക്ഷ്യമിട്ട പദ്ധതിയാണ് ‘അടൽ സേതു’. മധ്യ മുംബൈയിലെ സെവ്രിയിൽനിന്ന് തുടങ്ങുന്ന പാലം നവിമുംബൈയിലെ ചിർലെയിലാണ് അവസാനിക്കുന്നത്. ആകെയുള്ള 21.8 കിലോമീറ്റര്‍ ദൂരത്തില്‍ 16.5 കിലോമീറ്റര്‍ കടലിലും 5.8 കിലോമീറ്റര്‍ കരയിലുമായാണ് കടല്‍പ്പാലം സ്ഥിതിചെയ്യുന്നത്. 27 മീറ്ററാണ് പാലത്തിന്റെ വീതി. 177903 മെട്രിക് ടണ്‍ സ്റ്റീലും 504253 മെട്രിക് ടണ്‍ സിമന്റും പാലത്തിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചുവെന്നാണ് കണക്ക്.