ലഖ്നൗ: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ വിജയക്കുതിപ്പ് തുടർന്ന് രാജസ്ഥാൻ റോയൽസ്. ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ ഏഴ് വിക്കറ്റിന്റെ വിജയമാണ് സ‍ഞ്ജു സാംസണും സംഘവും നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തു. മറുപടി പറഞ്ഞ ലഖ്നൗ 19 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

മത്സരത്തിൽ ലഖ്നൗവിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. 11 റൺസ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ നഷ്ടമായി. എങ്കിലും കെ എൽ രാഹുലും ദീപക് ഹൂഡയും ചേർന്ന് ലഖ്നൗവിനെ മികച്ച സ്കോറിലേക്ക് നയിച്ചു. മൂന്നാം വിക്കറ്റിൽ ഇരുവരും 115 റൺസ് കൂട്ടിച്ചേർത്തു. കെ എൽ രാഹുൽ 76 റൺസോടെയും ദീപക് ഹൂഡ 50 റൺസോടെയും പുറത്തായി. മറ്റ് താരങ്ങളുടെ പ്രകടനം ശരാശരിയിൽ ഒതുങ്ങിയപ്പോൾ ലഖ്നൗ സ്കോർ 200ന് താഴെ നിന്നു.

മറുപടി പറഞ്ഞ രാജസ്ഥാന് തകർപ്പൻ തുടക്കമാണ് ലഭിച്ചത്. ജോസ് ബട്ലർ-യശസ്വി ജയ്സ്വാൾ സഖ്യം ആദ്യ വിക്കറ്റിൽ 60 റൺസ് കൂട്ടിച്ചേർത്തു. ബട്ലർ 34 റൺസോടെയും ജയ്സ്വാൾ 24 റൺസോടെയും പുറത്തായി. 14 റൺസുമായി റിയാൻ പരാ​ഗ് കൂടെ പുറത്തായപ്പോൾ രാജസ്ഥാൻ സ്കോർ മൂന്നിന് 78 എന്നായിരുന്നു.

നാലാം വിക്കറ്റിൽ സ‍ഞ്ജു സാംസണും ധ്രുവ് ജുറേലും ഒന്നിച്ചതോടെ രാജസ്ഥാൻ സംഘം അനായാസം മുന്നേറി. പിരിയാത്ത നാലാം വിക്കറ്റിൽ ഇരുവരും 121 റൺസാണ് കൂട്ടിച്ചേർത്തത്. സീസണിൽ ആദ്യമായി ഫോമിലായ ധ്രുവ് ജുറേൽ 52 റൺസെടുത്തും സഞ്ജു സാംസൺ 71 റൺസെടുത്തും പുറത്താകാതെ നിന്നു.