തിരുവനന്തപുരം: ബസുകൾക്ക് പിന്നാലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളും കെ-സ്വിഫ്റ്റിന് കൈമാറാൻ ആലോചന നടക്കുന്നതായി റിപ്പോർട്ട്. തിരുവനന്തപുരം നഗരത്തിലെ കിഴക്കേക്കോട്ട, വികാസ്ഭവൻ, പേരൂർക്കട, പാപ്പനംകോട് എന്നീ നാല് ബസ് സ്റ്റാൻഡുകൾ സ്വിഫ്റ്റിന് കൈമാറാനാണ് നീക്കം നടക്കുന്നത്. ഭാവിയിൽ സ്വിഫ്റ്റുകളുടെ പ്രവർത്തനം ഇവിടം കേന്ദ്രീകരിച്ചായിരിക്കും.

അതേസമയം, മാനേജ്മെന്റിന്റെ നീക്കത്തോട് സിഐടിയു ഉൾപ്പെടെയുള്ള തൊഴിലാളി യൂണിയനുകൾക്ക് എതിർപ്പുണ്ട്. അടുത്ത ആഴ്ച നടക്കുന്ന ചർച്ചയിൽ ഗതാഗത മന്ത്രിയേയും മാനേജിങ് ഡയറക്ടറേയും യൂണിയനുകൾ വിയോജിപ്പ് അറിയിക്കും. തൊഴിലാളി വിരുദ്ധ നീക്കങ്ങൾക്കെതിരേ പണിമുടക്ക് ആരംഭിക്കുന്നതിനെക്കുറിച്ചും യൂണിയനുകൾ ആലോചിക്കുന്നുണ്ട്. അതേസമയം, ബസ് സ്റ്റാൻഡുകൾ സ്വിഫ്റ്റിന് കൈമാറാനുള്ള നീക്കമില്ലെന്നാണ് മാനേജ്മെന്റ് നൽകുന്ന വിശദീകരണം.

സർക്കാർ ഉടമസ്ഥതയിലുള്ള കെടിഡിഎഫ്സിയിൽനിന്ന് കൂടിയ പലിശയ്ക്ക് എടുത്ത 700 കോടിയുടെ വായ്പാ ബാധ്യത തീർക്കാൻ കണ്ണായ ഭൂമിയും അവിടങ്ങളിലെ വ്യാപാര സമുച്ചയങ്ങളും വിൽക്കാൻ നേരത്തെ കെഎസ്ആർടിസി തീരുമാനിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ബസ് സ്റ്റാൻഡുകളും സ്വിഫ്റ്റിന് കൈമാറാനുള്ള നീക്കം നടക്കുന്നത്.