ടൂർ കടമ്പനാട് ഭാഗത്ത് ഹെൽമെറ്റില്ലാതെപോയ ബൈക്കിന്റെ ചിത്രം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പകർത്തി പെറ്റി അടിച്ചു. പേപ്പർ കിട്ടിയ ഉടമസ്ഥൻ മോട്ടോർ വാഹന വകുപ്പ് അധികൃതരുടെ അടുത്തെത്തി ആണയിട്ടു-ഞാനല്ല സാറേ അത്. അതിന്റെ ചുവടുപിടിച്ച് അന്വേഷണം നടത്തിയപ്പോൾ കാര്യം പിടികിട്ടി. ഒരേ നമ്പരിലുള്ള രണ്ട് ബൈക്കുകളാണ് കുഴപ്പമുണ്ടാക്കിയതെന്ന്. പിന്നെ രേഖകളിൽ വ്യത്യാസം വരുത്തിയ വണ്ടി അധികൃതർ കണ്ടെത്തി കസ്റ്റഡിയിലെടുത്തു.

സംഭവം ഇങ്ങനെ-കഴിഞ്ഞ ദിവസം കടമ്പനാട് ഭാഗത്ത് എ.എം.വി.ഐ. എം.ആർ. മനോജ് വാഹനപരിശോധന നടത്തുന്നതിനിടെ പച്ചനിറമുള്ള ഒരു ബൈക്ക് കടന്നു പോയി. ഓടിച്ചയാൾ ഹെൽമെറ്റ് ധരിച്ചിരുന്നില്ല. കെഎൽ03 സി7433 എന്ന ഈ വാഹനം തടയാനുള്ള ശ്രമം വിഫലമായി. ഇതോടെ ഫോട്ടോ എടുത്തു. തുടർന്ന് ഓൺലൈൻ ചെല്ലാൻ തയ്യാറാക്കി. പക്ഷേ, തൊട്ടടുത്ത ദിവസം പെറ്റിയുടെ പേപ്പർ കിട്ടിയത് മാവേലിക്കര സ്വദേശിക്കും. 

യഥാർഥ ഉടമസ്ഥൻ ഓഫീസിലെത്തി വാഹനം അന്നേ ദിവസം കടമ്പനാട് ഭാഗത്ത് വന്നിട്ടില്ലെന്ന് തറപ്പിച്ചുപറഞ്ഞു. കൂടാതെ തന്റെ വണ്ടിക്ക് ചുവപ്പ് നിറമാണെന്നും പറഞ്ഞു. ഇതോടെയാണ് ഒരേ നമ്പറിൽ രണ്ടു വണ്ടി ഓടുന്നു എന്ന സംശയമുണ്ടായത്. തുടർന്ന് കടമ്പനാട് ഭാഗത്തുള്ള സി.സി.ടി.വി.ക്യാമറകൾ നോക്കി അന്നേദിവസം ആ സമയത്തുപോയ പച്ചനിറത്തിലുള്ള ബൈക്കുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി ആളെ കണ്ടെത്തി.

ഇയാളുടെ വീട്ടിലെത്തി പച്ചനിറത്തിലുള്ള അതേ നമ്പരിലുള്ള വാഹനം കണ്ടെത്തി. വാഹനം വർഷങ്ങൾക്കുമുമ്പ് വാങ്ങിച്ചതാണെന്നും, യാതൊരുവിധ കാലാവധി രേഖകളും കൈയിൽ ഇല്ലെന്നും അധികൃതരെ അറിയിച്ചു. തുടർന്ന് ചെയ്സ്, എൻജിൻ നമ്പറുകൾ പരിശോധിച്ചപ്പോൾ ഇത് മോട്ടോർ വാഹനവകുപ്പിന്റെ രേഖകളിൽ ഇല്ലാത്ത വാഹനമാണെന്നും മനസ്സിലായി. ഇതോടെ കസ്റ്റഡിയിൽ എടുത്ത് അടൂർ പോലീസ് സ്റ്റേഷനിൽ ഹാജരാക്കി.

മോട്ടോർ വാഹനവകുപ്പ് പങ്കുവെച്ച കുറിപ്പ്

അടൂർ ഓഫീസ് പരിധിയിൽ കടമ്പനാട് വച്ച് മാർച്ച് നാലാം തീയതി നടന്ന വാഹന പരിശോധനയിൽ നിയമലംഘനം ശ്രദ്ധയിൽപ്പെട്ട ഒരു പച്ച നിറമുള്ള KL03C7433 ബുള്ളറ്റിന് ചെല്ലാൻ തയ്യാറാക്കുകയുണ്ടായി. വാഹനം നിർത്താതെ പോയെങ്കിലും വാഹനത്തിന്റെ ആർ.സിയിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്തിരുന്നത് കൊണ്ട് കേസെടുത്ത വിവരം വാഹന ഉടമയുടെ മൊബൈൽ നമ്പറിൽ അപ്പോൾ തന്നെ മെസ്സേജ് ആയി അറിയിപ്പ് കിട്ടി. 

തൊട്ടടുത്ത ദിവസം; മെസ്സേജ് കിട്ടിയ മാവേലിക്കര സ്വദേശിയായ ഉടമസ്ഥൻ ഓഫീസിലെത്തി വാഹനം അന്നേ ദിവസം അവിടെ വന്നിട്ടില്ലെന്നു തറപ്പിച്ചു പറഞ്ഞു. കൂടാതെ തന്റെ വണ്ടി ചുവപ്പ് ആണെന്നും പറഞ്ഞു.അതോടെ ഒരേ നമ്പറിൽ രണ്ടു വണ്ടി ഓടുന്നതയുള്ള സംശയം വന്നു. തുടർന്ന് കടമ്പനാട് ഭാഗത്തുള്ള സി സി ടിവി റിവ്യൂകൾ നോക്കി അന്നേദിവസം ആ സമയത്ത് പോയ പച്ച നിറത്തിലുള്ള ബുള്ളറ്റുകൾ ടാർജറ്റ് ചെയ്ത് അന്വേഷണം നടത്തി, ഇദ്ദേഹത്തിന്റെ വീട് കണ്ടെത്തുകയും തുടർന്ന് എട്ടാം തീയതി ഇദ്ദേഹത്തിന്റെ വീട്ടിലെത്തുകയും വീടിന്റെ പോർച്ചുലിരുന്ന പച്ച നിറത്തിലുള്ള KL03C7433 നമ്പർ വച്ച ബുള്ളറ്റ് വാഹനം കണ്ടെത്തുകയും ചെയ്തു. 

വാഹനത്തെ പറ്റി അദ്ദേഹത്തോട് അന്വേഷിച്ചപ്പോൾ വാഹനം വർഷങ്ങൾക്കു മുമ്പ് അദ്ദേഹം വാങ്ങിച്ചതാണെന്നും അതിന്റെ യാതൊരുവിധ കാലാവധി ഉള്ള രേഖകളും അദ്ദേഹത്തിന്റെ കയ്യിൽ ഇല്ലെന്നും അറിയിച്ചു. തുടർന്ന് വാഹനത്തിന്റെ ചാസ്സിസ്,എൻജിൻ നമ്പറുകൾ പരിശോധിച്ചപ്പോഴാണ് ഇത് വാഹൻ രേഖകളിലും അർസിയിലും ഉള്ളതല്ലെന്നു ബോധ്യമായത് .രേഖകൾ എല്ലാം കൃത്യമായ മറ്റൊരു ബുള്ളറ്റിന്റെ നമ്പർ വച്ചാണ് ഈ വാഹനം ഓടുന്നത് എന്ന് കണ്ടെത്തിയതിനെ തുടർന്ന് കസ്റ്റഡിയിൽ എടുത്ത് അടൂർ പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വ്യാജ ബുള്ളറ്റിന്റെ യഥാർത്ഥ നമ്പർ കണ്ടെത്താനുള്ള അന്വേഷണം നടന്നുവരുന്നു.