ന്യൂഡല്‍ഹി: സിനിമാ ഹാളുകള്‍ക്കുള്ളില്‍ ഭക്ഷണപാനീയങ്ങള്‍ വില്‍ക്കുന്നതിനുള്ള നിബന്ധനകളും വ്യവസ്ഥകളും നിശ്ചയിക്കാന്‍ ഉടമകള്‍ക്ക് പൂര്‍ണമായ അവകാശമുണ്ടെന്ന് സുപ്രീംകോടതി. പുറത്തുനിന്നുള്ള ഭക്ഷണസാധനങ്ങള്‍ തീയേറ്ററിന് അകത്ത് കടക്കുന്നത് തടയാനുള്ള അവകാശവുമുണ്ട്. ഭക്ഷണ-പാനീയങ്ങള്‍ വാങ്ങാതിരിക്കാനുള്ള സ്വാതന്ത്ര്യം സിനിമ കാണാനെത്തുന്നവര്‍ക്കും ഉണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. അതേസമയം കുട്ടികള്‍ക്കായി മാതാപിതാക്കള്‍ തീയേറ്ററുകളിലേക്ക് കൊണ്ടുപോകുന്ന ഭക്ഷണത്തെ തടയരുതെന്നും ബെഞ്ച് ആവര്‍ത്തിച്ചു. 

സിനിമാ തീയേറ്ററുകള്‍ സ്വകാര്യ സ്വത്താണ്. ഇവിടെ എന്തൊക്കെ നിരോധിക്കണമെന്നതിന്റെ അവകാശം ഉടമയ്ക്കാണ്. ഒരാള്‍ക്ക് സിനിമാ ഹാളിനുള്ളില്‍ ജിലേബി കഴിക്കണമെന്നാണെങ്കില്‍ അതിനെ എതിര്‍ക്കാന്‍ ഉടമയ്ക്ക് അവകാശമുണ്ട്. ജിലേബി കഴിച്ചതിന് ശേഷം ആ വ്യക്തി തന്റെ കൈകള്‍ കസേരയില്‍ തുടച്ച് നശിപ്പിച്ചേക്കാമെന്ന് ഉടമയ്ക്ക് കാരണമായി പറയാമെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. തീയേറ്ററുകളില്‍ ശുചിത്വമുള്ള കുടിവെള്ളം എല്ലാവര്‍ക്കും സൗജന്യമായി ലഭ്യമാണ്. കൂടാതെ കുഞ്ഞുങ്ങള്‍ക്കുള്ള ഭക്ഷണവും അനുവദനീയമാണ്. എന്നാല്‍ എല്ലാ ഭക്ഷണവും ഉള്ളില്‍ കൊണ്ടുപോകാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സിനിമാ പ്രേക്ഷകര്‍ സ്വന്തം ഭക്ഷണപാനീയങ്ങള്‍ സിനിമാ ഹാളുകളിലേക്ക് കൊണ്ടുപോകുന്നത് തടയരുതെന്ന് മള്‍ട്ടിപ്ലക്‌സുകളോടും സിനിമാ തിയേറ്ററുകളോടും ഉത്തരവിട്ട ജമ്മു കശ്മീര്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം സുപ്രീംകോടതി റദ്ദാക്കി. ഹൈക്കോടതി അതിന്റെ അധികാരപരിധി മറികടന്നാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചതെന്നും കോടതി നിരീക്ഷിച്ചു. ജമ്മു കശ്മീര്‍ ഹൈക്കോടതിയുടെ 2018ലെ വിധിയെ ചോദ്യം ചെയ്ത് തിയേറ്റര്‍ ഉടമകളും മള്‍ട്ടിപ്ലക്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.