ഐഡഹോ: നാല് കോളജ് വിദ്യാർഥികളെ കൊലപ്പെടുത്തിയ കേസിൽ ക്രിമിനോളജി വിദ്യാർഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിലെ ഐഡഹോ യൂനിവേഴ്‌സിറ്റി വിദ്യാർഥികളെ കൊലപ്പെടുത്തിയ കേസിൽ ബ്രയാൻ സി. കോഹ്‌ബെർഗർ (28) എന്ന ക്രിമിനോളജി വിദ്യാർഥിയാണ് അറസ്റ്റിലായത്.

കഴിഞ്ഞ മാസം 13ാം തീയതിയാണ് മാഡിസൺ മോഗൻ (21), കെയ്‌ലി ഗോൺകാൽവ്‌സ് (21), സാന കെർനോഡിൽ (20), ഏഥൻ ചാപിൻ (20) എന്നിവരെ കാമ്പസിനടുത്തുള്ള വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. സംഭവത്തിൽ ഏഴ് ആ​ഴ്ചക്ക് ശേഷമാണ് പ്രതി പിടിയിലാകുന്നത്. എഫോർട്ടിലെ വീട്ടിൽ വെച്ചാണ് ബ്രയാനെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് അറ്റോർണി മൈക്കൽ മാൻകുസോ പറഞ്ഞു.

കൊലപാതകം നടന്ന ഐഡഹോയിലെ മോസ്കോയിൽ നിന്ന് 10 മൈൽ അകലെയുള്ള വാഷിങ്ടൺ ണിവേഴ്സിറ്റിയിൽ ക്രിമിനോളജിയിലും ക്രിമിനൽ ജസ്റ്റിസിലും പി.എച്ച്.ഡി ചെയ്യുകയാണ് കോഹ്ബെർഗർ. സെന്റർ വാലിയിലെ ഡിസെയിൽസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ക്രിമിനൽ ജസ്റ്റിസിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ഇക്കഴിഞ്ഞ ജൂണിലാണ് ഇയാൾ പി.എച്ച്.ഡിക്ക് ചേർന്നത്.

അതിനിടെ, ജയിലനുഭവങ്ങളെ കുറിച്ച് മുൻകാല തടവുപുള്ളികളുടെ പക്കൽനിന്ന് പ്രതി പഠനത്തിന്റെ ഭാഗമായി വിവര ശേഖരണം നടത്തിയിരുന്നുവെന്ന വിവരവും പുറത്തുവന്നു. ഏഴുമാസം മുമ്പ് റെഡ്ഡിറ്റിൽ ഇതുസംബന്ധിച്ച് ഇയാൾ ഒരു പോസ്റ്റിട്ടിരുന്നു. കുറ്റകൃത്യത്തിന്റെ തുടക്കം മുതൽ അവസാനം വരെ അവർക്കുണ്ടായിരുന്ന ചിന്തകളും വികാരങ്ങളും വിവരിക്കാനാണ് കുറ്റവാളികളോട് ബ്രയാൻ ആവശ്യപ്പെട്ടത്.

കൂട്ടക്കൊലപാതകം നടത്തിയ ശേഷവും ബ്രയാൻ ക്ലാസുകളിൽ പങ്കെടുത്തിരുന്നുവെന്നും നേരത്തെ ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ ആക്ടീവ് ആയിരുന്നു​വെന്നും സഹപാഠിയായ ബി.കെ. നോർട്ടൺ മാധ്യമങ്ങളോട് പറഞ്ഞു.