തിരുവനന്തപുരം : ശബരിമല വിമാനത്താവളം സ്ഥലമേറ്റെടുപ്പിന് റവന്‍റ്യു വകുപ്പ് ഉത്തരവിറക്കി. എരുമേലി സൗത്തിലും മണിമലയിലുമായി 2570 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുമെന്നാണ് അഡീഷണൽ ചീഫ് സെക്രട്ടറി (റവന്‍റ്യൂ) ഡോ.എ ജയതിലകിന്റെ ഉത്തരവ്. ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് നിന്ന് 307 ഏക്കര്‍ സ്ഥലമേറ്റെടുക്കും. 3500 മീറ്റര്‍ നീളമുള്ള റൺവെ അടക്കം മാസ്റ്റര്‍ പ്ലാൻ അംഗീകരിച്ചിട്ടുണ്ട്.

മണിമല വില്ലേജിലാണ് ഏറ്റവും കൂടുതൽ സ്ഥലം ഏറ്റെടുക്കുക. പാരിസ്ഥിതിക ലോല മേഖലയാണിത്. 2263 ഏക്കർ സ്ഥലം ഏറ്റെടുക്കാനായിരുന്നു നേരത്തെ ഡി.പി.ആർ പദ്ധതി തയാറാക്കിയത്. അതേസമയം ചെറുവള്ളി എസ്റ്റേറ്റുമായി ബന്ധപ്പെട്ട ഉടമസ്ഥാവകാശ തർക്കം ഇപ്പോഴും കോട്ടയം പാലാ കോടതിയുടെ പരിഗണനയിലാണ്.

ഭൂമി ഏറ്റെടുക്കാനുള്ള 2020 ജൂൺ 18ലെ സർക്കാർ ഉത്തരിവനെതിരെ അയന ചിരിറ്റബിൾ ട്രസ്റ്റ് ഹോക്കോടതിൽ ഹരജി നൽകിയിരുന്നു. ഭൂമി ഏറ്റെടുക്കൽ നടപടിയുമായി സർക്കാരിന് മുന്നോട്ട് പോകാമെന്നാണ് കോടതി ഉത്തരവായിത്. ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഉടമസ്ഥതയിലാണെന്ന വാദവുമായി പദ്ധതിയുമായി സംസ്ഥാനം മുന്നോട്ട് പോയി.

2005ലാണ് ഹാരിസൺ മലയാളം ചെറുവള്ളി എസ്റ്റേറ്റ് ബിഷപ്പ് കെ.പി. യോഹന്നാന് വിറ്റത്. വിൽപ്പന നിയമവിരുദ്ധമാണെന്നു കണ്ടെത്തി കോട്ടയം കലക്ടർ എസ്റ്റേറ്റിന്റെ പോക്കുവരവ് റദ്ദാക്കി. ഇതിനെ ചോദ്യം ചെയ്ത് ഗോസ്പൽ ഫോർ ഏഷ്യ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഭൂമി വിൽക്കാനുള്ള അവകാശം ഹാരിസൺ മലയാളം കമ്പനിക്കില്ലെന്നു കാണിച്ച് റവന്യൂ വകുപ്പ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. അവകാശം തെളിയിക്കാൻ കെ.പി.യോഹന്നാൻ ഹാജരാക്കിയ രേഖകൾ വസ്തുതാപരമായി ശരിയല്ലെന്നും ഭൂമിയുടെ സ്ഥിതിവിവര കണക്ക് ഇതിൽ വ്യക്തമല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. നിലവിൽ ചെറുവള്ളി ഭൂമിയിൽ സർക്കാർ ഉടമസ്ഥത സ്ഥാപിക്കുന്നതിനുള്ള കേസ് പാല കോടതിയിലാണ്.

പദ്ധതിക്ക് കേന്ദ്രസർക്കാരിന്റെയും വ്യോമയാന മന്ത്രാലത്തിന്റെയും അനുമതി ലഭിക്കേണ്ടതുണ്ട്. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ രണ്ട് കോടി രൂപ വിമാനത്താവളം പദ്ധതിക്കായി നീക്കിവെച്ചിരുന്നു. പദ്ധതിക്ക് കേന്ദ്ര പാർലമെന്ററി സമിതിയുടെ അടക്കം അംഗീകാരം ലഭിച്ചിരുന്നു. ശബരിമല തീർഥാടക ടൂറിസത്തിന് വൻ വളർച്ച നൽകുന്നതാണ് പദ്ധതിയെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. കൊച്ചി, തിരുവനന്തപുരം ടൂറിസം സർക്യൂട്ടുമായി ശബരിമലയെ ബന്ധിപ്പിക്കാൻ ഇതിലൂടെ സാധിക്കും. വിമാനത്താവളത്തിന് വ്യോമസേനയുടെ അനുമതി ലഭിച്ചിട്ടുണ്ട്. അമേരിക്കയിലെ ലൂയിസ് ബർജറാണ് വിമാനത്താവള പദ്ധതിയുടെ കൺസൾട്ടന്റ്. കെ.എസ്.ഐ.ഡി.സിയാണ് ഇവർക്ക് ചുമതല നൽകിയത്.