തിരുവനന്തപുരം: എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ മുതിര്‍ന്ന സിപിഎം നേതാവ് ഇ.പി ജയരാജന്‍ സന്നദ്ധത അറിയിച്ചതായി സൂചന. ആരോഗ്യപ്രശ്‌നങ്ങളാണ് സ്ഥാനമൊഴിയുന്നതിനുള്ള കാരണമായി ജയരാജന്‍ വിശദീകരിക്കുന്നത്. വെള്ളിയാഴ്ച കൂടുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കില്ലെന്നും ഇ.പി ജയരാജന്‍ വ്യക്തമാക്കി. അതേസമയം, അന്ന് കോഴിക്കോട്ട് നടക്കുന്ന ഐ.എന്‍.എല്‍ പരിപാടിയില്‍ ഇ.പി ജയരാജന്‍ പങ്കെടുക്കും.

സിപിഎം സംസ്ഥാന സമിതിയില്‍ തനിക്കെതിരെ പി.ജയരാജന്‍ ഉന്നയിച്ച സാമ്പത്തിക ആരോപണത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനു കടുത്ത അതൃപ്തിയുണ്ടെന്നാണ് ലഭിക്കുന്ന സൂചന. തന്നെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ചില നീക്കങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നുണ്ടെന്ന പരാതി നേരത്തെ തന്നെ ഇപിക്കുണ്ടായിരുന്നു. അതേ തുടര്‍ന്നാണ് ദീര്‍ഘ നാളത്തെ അവധിയെടുത്ത് അദ്ദേഹം പാര്‍ട്ടിയില്‍ നിന്നും വിട്ടുനിന്നത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ സ്ഥാനമൊഴിയാമെന്ന് ഇ.പി നേതൃത്വത്തിലെ ചിലരെ അറിയിച്ചിരിക്കുന്നത്. നേതൃത്വത്തിന് മനസിലാകുന്ന രീതിയിലെല്ലാം തീരുമാനം അറിയിച്ചതായി അടുത്ത നേതാക്കളോട് ഇ.പി ജയരാജന്‍ സൂചിപ്പിച്ചു. പാര്‍ട്ടി പദവികളും ഒഴിയാന്‍ തയാറാണെന്നും ഇ.പി ജയരാജന്‍ അറിയിച്ചതായി  സൂചനയുണ്ട്.

മൊറാഴയിലെ വൈദേകം റിസോര്‍ട്ടില്‍ ഇ.പി.ജയരാജനു സാമ്പത്തിക ഇടപാടുണ്ടെന്നാണ് പി.ജയരാജന്‍ പറഞ്ഞത്. പാര്‍ട്ടിയുടെ താല്‍പര്യത്തില്‍നിന്നും നാടിന്റെ താല്‍പര്യത്തില്‍നിന്നും വ്യതിചലിക്കുന്നവര്‍ക്ക് സിപിഎമ്മില്‍ സ്ഥാനമില്ലെന്നും അദ്ദേഹം കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചര്‍ച്ച നടന്നാല്‍ പാര്‍ട്ടി തകരുകയില്ലെന്നും ഊതിക്കാച്ചിയ സ്വര്‍ണം പോലെ ശുദ്ധമായ പ്രസ്ഥാനമായി മാറുമെന്നും പി ജയരാജന്‍ വ്യക്തമാക്കി.   

കണ്ണൂര്‍ ആയുര്‍വേദ മെഡിക്കല്‍ കെയ്ര് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് പി. ജയരാജന്‍ ആരോപണം ഉന്നയിച്ച വൈദേഗം ആയൂര്‍വേദ റിസോര്‍ട്ട് നടത്തുന്നത്. കണ്ണൂര്‍ ആയുര്‍വേദ മെഡിക്കല്‍ കെയ്ര് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിക്കുന്നത് 2014-ലാണ്. പദ്ധതിക്ക് അനുമതി തേടുന്നത് 2016 ല്‍, ഇപിയുടെ മകന്‍ ജെയ്‌സണ്‍ ഡയറക്ടര്‍ ആയ കമ്പനിക്ക് പദ്ധതി തുടങ്ങാന്‍ അനുമതി നല്‍കിയത് സി.പി.എം ഭരിക്കുന്ന ആന്തൂര്‍ നഗരസഭയാണ്. കുന്നിടിച്ച് നിരത്തുന്നതില്‍ ശാസ്ത്ര സാഹിത്യ പരിഷത് അടക്കമുള്ളവര്‍ പരാതി നല്‍കിയിരുന്നെങ്കിലും അത് പരിഗണിക്കപ്പെട്ടില്ല.

അതേസമയം, ഇ.പി ജയരാജനെതിരായ സാമ്പത്തിക ക്രമക്കേട് ആരോപണത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തുമ്പോള്‍ സി.പി.എം ഭരിക്കുന്ന ആന്തൂര്‍ നഗരസഭയേയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തേണ്ടി വരും. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമള നഗരസഭ അധ്യക്ഷയായിരുന്ന സമയത്താണ് റിസോര്‍ട്ടിന് അനുമതി നല്‍കിയത്. കുന്ന് നിരത്തുന്നതില്‍ ശാസ്ത്ര സാഹിത്യ പരിഷത് അടക്കം പരാതി നല്‍കിയിട്ടും അനുമതി നല്‍കിയതും അന്വേഷണപരിധിയില്‍ വന്നേക്കും.