തിരുവനന്തപുരം: തിരുവനന്തപുരം പേരൂര്‍ക്കടയില്‍ മധ്യവയസ്‌കന്‍ സ്ത്രീ സുഹൃത്തിനെ വെട്ടിക്കൊന്നു. നന്ദിയോട് സ്വദേശിനി സിന്ധുവാണ് കൊല്ലപ്പെട്ടു. നന്ദിയോട് സ്വദേശി രാജേഷിനെ പേരൂര്‍ക്കട പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ 12 വര്‍ഷമായി ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നു. സിന്ധു തന്നില്‍ നിന്ന് അകന്നുമാറുന്നുവെന്ന സംശയമാണ് കൊലയിലേക്ക് നയിച്ചതെന്ന് പ്രതി സമ്മതിച്ചു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. 

വഴയിലയില്‍ റോഡരികില്‍ വെച്ച് ബൈക്കിലെത്തിയ രാജേഷ് സിന്ധുവിനെ ആക്രമിക്കുകയായിരുന്നു. വെട്ടുകത്തി ഉപയോഗിച്ച് സിന്ധുവിന്റെ കഴുത്തില്‍ മൂന്ന് തവണ വെട്ടി. ഈ സമയം രക്ഷിക്കണേയെന്ന് സിന്ധു അലമുറയിട്ടിരുന്നു. എന്നാല്‍ നാട്ടുകാര്‍ എത്തുമ്പോഴേക്ക് സിന്ധുവിന്റെ തലയില്‍ വെട്ടി. ഇതോടെ സിന്ധു തളര്‍ന്നുവീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ സിന്ധുവിനെ നാട്ടുകാരും പൊലീസും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ രണ്ട് മാസമായി സിന്ധുവുമായി അകല്‍ച്ചയിലായിരുന്നുവെന്ന് രാജേഷ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.