വാട്ട്‌സ്ആപ്പ് ഇന്ത്യയിൽ നിന്ന് വീണ്ടും രാജി. വാട്ട്‌സ്ആപ്പ് പേ ഇന്ത്യയുടെ തലവൻ വിനയ് ചോലെറ്റി ബുധനാഴ്‌ച ഒരു ലിങ്ക്ഡ്ഇൻ പോസ്‌റ്റിലൂടെയാണ് തന്റെ വിടവാങ്ങൽ പ്രഖ്യാപിച്ചത്. 2021 ഒക്ടോബറിലാണ് വാട്ട്‌സ്ആപ്പ് പേയിലെ മർച്ചന്റ്സ് പേയ്‌മെന്റ് മേധാവിയായി ചൊലെറ്റി കമ്പനിയിൽ ചേർന്നത്, പിന്നീട് 2022 സെപ്റ്റംബറിൽ വാട്ട്‌സ്ആപ്പ് പേ ഇന്ത്യയുടെ തലവനായി ചുമതലയേറ്റു.

“ഇന്ന് വാട്ട്‌സ്ആപ്പ് പേയിലെ എന്റെ അവസാന ദിവസമായിരുന്നു, ഞാൻ സൈൻ ഓഫ് ചെയ്യുമ്പോൾ, ഇന്ത്യയിൽ വാട്ട്‌സ്ആപ്പിന്റെ സ്വാധീനം കാണുന്നത് ഒരു വിനീതമായ അനുഭവമാണെന്ന് എനിക്ക് അഭിമാനത്തോടെ പറയാൻ കഴിയും. കഴിഞ്ഞ ഒരു വർഷം വ്യക്തിപരമായി ഒരു മികച്ച പഠന യാത്രയായിരുന്നു. മുൻനിരയിൽ ആയിരിക്കുന്നതിന്റെയും, ചില ആഗോള ഫസ്‌റ്റ് പേയ്‌മെന്റ് സംവിധാനങ്ങൾ ലോഞ്ച് ചെയ്യുന്നതിന്റെയും ആവേശം സമാനതകളില്ലാത്തതാണ്. എന്റെ ജീവിതകാലം മുഴുവൻ ഞാൻ അഭിമാനത്തോടെ ഈ നേട്ടങ്ങൾ കൊണ്ട് നടക്കും” അദ്ദേഹം ലിങ്ക്ഡ്ഇൻ പോസ്‌റ്റിലൂടെ വ്യക്തമാക്കി.

ചോലെറ്റി തന്റെ ഭാവി പദ്ധതികൾ വ്യക്തമാക്കിയിട്ടില്ല. “ഞാൻ എന്റെ അടുത്ത പദ്ധതിയിലേക്ക് നീങ്ങുമ്പോൾ, ഇന്ത്യയിൽ ഡിജിറ്റൽ പേയ്‌മെന്റുകളും സാമ്പത്തിക ഉൾപ്പെടുത്തലും അസാധാരണമായി പരിവർത്തനം ചെയ്യാൻ വാട്ട്‌സ്ആപ്പിന് ശക്തിയുണ്ടെന്ന് ശക്തമായി വിശ്വസിക്കുന്നു, വരും വർഷങ്ങളിൽ അതിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു,” ചോലെറ്റി പോസ്‌റ്റിൽ കുറിച്ചു.

വാട്ട്‌സ്ആപ്പ് ഇന്ത്യ തലവൻ അഭിജിത് ബോസ്, മെറ്റാ ഇന്ത്യ പബ്ലിക് പോളിസി ഡയറക്ടർ രാജീവ് അഗർവാൾ എന്നിവരുൾപ്പെടെ നിരവധി ഉന്നത എക്‌സിക്യൂട്ടീവുകൾ കമ്പനി വിട്ടതിന് തൊട്ടുപിന്നാലെയാണ് ചോലെറ്റിയുടെ പുറത്തുകടക്കൽ. അടുത്തിടെ, മെറ്റാ ഇന്ത്യ മേധാവി അജിത് മോഹനും കമ്പനിയുടെ മുഖ്യ എതിരാളിയായ സ്‌നാപ്പിൽ ചേരാൻ സ്ഥാപനം ഉപേക്ഷിച്ചിരുന്നു.

അഭിജിത് ബോസ് തന്റെ വിടവാങ്ങൽ പ്രഖ്യാപിച്ചതിന് ശേഷം, വാട്ട്‌സ്ആപ്പ് മേധാവി വിൽ കാത്ത്കാർട്ട് അദ്ദേഹത്തിന്റെ സംഭാവനകൾക്ക് നന്ദി അറിയിച്ചിരുന്നു. ശിവനാഥ് തുക്രാലാണ് ഇപ്പോൾ വാട്ട്‌സ്ആപ്പ് ഇന്ത്യയുടെ പബ്ലിക് പോളിസി വിഭാഗത്തെ നയിക്കുന്നത്.