മീററ്റ്: വിനോദയാത്രക്കിടെ മയക്കുമരുന്ന് നൽകി വിദ്യാർഥിനിയെ പീഡിപ്പിച്ച സർക്കാർ സ്കൂൾ പ്രിൻസിപ്പാളിനെതിരെ പോലീസ് കേസെടുത്തു. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. 17 കാരിയായ പ്ലസ് വൺ വിദ്യാർഥിനിയാണ് പീഡനത്തിന് ഇരയായത്.

കഴിഞ്ഞമാസം 23 നാണ് കേസിനാസ്പദമായ സംഭവം. സ്കൂളിലെ ഒൻപതു വിദ്യാർഥികളുമായി വൃന്ദാവനിലേക്ക് വിനോദയാത്രക്ക് പോയതിനിടെയാണ് പീഡനം നടന്നത്. രണ്ട് മുറികളാണ് ബുക്ക് ചെയ്തിരുന്നത്. എട്ടു വിദ്യാർഥികളെ ഒരു മുറിയിലും പീഡനത്തിനിരയായ പെൺകുട്ടിയെ പ്രിൻസിപ്പാൾ തൻ്റെ മുറിയിലും താമസിപ്പിക്കുകയായിരുന്നു. മയക്കുമരുന്ന് ഭക്ഷണത്തിൽ കലർത്തി പെൺകുട്ടിക്കു നൽകിയാണ് പീഡനം നടത്തിയത്.

പെൺകുട്ടി എതിർത്തതോടെ പരീക്ഷയിൽ തോൽപ്പിക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. വിനോദയാത്ര കഴിഞ്ഞു പിറ്റേദിവസം വീട്ടിൽ തിരിച്ചെത്തിയ വിദ്യാർഥിനി സംഭവം ആദ്യം പുറത്തുപറ‍ഞ്ഞിരുന്നില്ല. പിന്നീട് വിട്ടുകാരോടു എല്ലാം തുറന്നുപറയുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ പിതാവാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ശനിയാഴ്ച പ്രിൻസിപ്പാളിനെതിരെ കേസെടുക്കുകയായിരുന്നു. ഇതിനു പിന്നാലെ സ്കൂൾ പ്രിൻസിപ്പാൾ ഒളിവിൽ പോയി. പ്രതിയെ കണ്ടെത്താനായി അന്വേഷണം തുടങ്ങിയെന്നു പോലീസ് അറിയിച്ചു.