ഖത്ത‍ർ: ഫിഫ ലോകകപ്പിൻ്റെ ഉദ്ഘാടനവേദിയിൽ ലോകപ്രശസ്ത താരങ്ങളോടൊപ്പം ഇടംപിടി‍ച്ച ഒരു ഖത്ത‍ർ സ്വദേശിയുണ്ട്. 15 വയസ് പോലും തികയ്ക്കില്ലെന്ന് ഡോക്ട‍ർമാർ വിധിയെഴുതിയ ഒരു യുവാവ്. ഇന്ന് അയാൾ ഖത്തറിലെ ഏറ്റവും പ്രായം കുറഞ്ഞ സംരംഭകനാണ്, പ്രഭാഷകനാണ്, ലോകമെങ്ങും ആരാധകരുള്ള വ്ളോഗറാണ്. ഹോളിവുഡ് താരം മോർഗൻ ഫ്രീമാൻ അദ്ദേഹത്തിൻ്റെ വാക്കുകൾ ഒരു വിദ്യാ‍ർഥിയെപ്പോലെ കാതോർത്തു കേട്ടു നിന്നു. കുറവുകളെ അവഗണിച്ച് നേട്ടങ്ങളുമായി മുന്നോട്ടു കുതിക്കുന്ന ആ 22കാരൻ്റെ പേരാണ് ഗനിം അൽ മുഫ്താഹ്.

ഉദ്ഘാടന വേദിയിൽ ഒരുമയെക്കുറിച്ചും സഹിഷ്ണുതയെക്കുറിച്ചും പ്രതീക്ഷയെക്കുറിച്ചുമായിരുന്നു ഫ്രീമാൻ സംസാരിച്ചത്. ന‍ർത്തകർക്കിടയിലൂടെ വേദിയിൽ കൈകൾ ഉപയോഗിച്ച് അതിവേഗം നടന്നു വന്ന ഗനിമിനു സമീപത്തേയ്ക്ക് ഫ്രീമാൻ നടന്നടുത്തു. ഇരുണ്ട വെളിച്ചത്തിൽ നിലത്ത് കുമ്പിട്ടിരുന്ന് ഗനിമുമായി സംസാരിച്ചു. ശാന്തമായ മുഖഭാവത്തോടെ ഗനിം മറുപടി നൽകി.

“ഒരു രീതി മാത്രമാണ് അഗീകരിക്കപ്പെടുന്നതെങ്കിൽ എങ്ങനെയാണ് രാജ്യങ്ങൾക്കും ഭാഷകൾക്കും സംസ്കാരങ്ങൾക്കും ഒരുമിച്ചു നിൽക്കാനാകുക?” ഫ്രീമാൻ ചോദിച്ചു. “നമ്മൾ രാജ്യങ്ങളും ഗോത്രങ്ങളുമായി ഭൂമിയിൽ ചിതറിക്കിടക്കുകയാണ് എന്നാണ് നാം പഠി്ച്ചിട്ടുള്ളത്. നമുക്ക് പരസ്പരം പഠിക്കാം, ഓരോന്നിൻ്റെയും ഭംഗിയും വ്യത്യാസങ്ങളും കണ്ടെത്താം. സഹിഷ്ണുതയും ബഹുമാനവുമുണ്ടെങ്കിൽ നമുക്ക് ഒരുമിച്ച് ജീവിക്കാനാകും.” മുഫ്താഹ് ഫ്രീമാനോട് പറഞ്ഞു. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ ഖത്തറിലേയ്ക്ക് സ്വാഗതം ചെയ്തു.

ഖുറാനിലെ ഒരു സൂക്തവും മുഫ്താഹ് ചൊല്ലി. “ഹേ മനുഷ്യരേ, നിങ്ങളെ നാം ഒരു ആണിൽ നിന്നും പെണ്ണിൽ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങൾ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിൻ്റെ മുന്നിൽ നിങ്ങളിൽ ഏറ്റവും ആദരണീയൻ നിങ്ങളിൽ ഏറ്റവും ധർമനിഷ്ഠ പാലിക്കുന്നവനാകുന്നു. തീർച്ചയായും അള്ളാഹു സർവ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.”

മുഫ്താഹിനെ ഗർഭിണിയായിരുന്നപ്പോൾ അമ്മയുടെ ഗർഭപാത്രത്തിൽ ഒരു ഇരട്ട സഹോദരൻ കൂടിയുണ്ടായിരുന്നു. നട്ടെല്ലിൻ്റെ കീഴ്ഭാഗത്ത് വലൾച്ച മുരടിക്കുന്ന കോഡൽ റെഗ്രെഷൻ സിൻഡ്രം എന്ന ജനിതക തകരാറുമായാണ് മുഫ്താഹ് ജനിച്ചത്. ഗർഭകാലത്ത് തന്നെ പലരും അമ്മയോടു സംസാരിച്ചത് ഗർഭം അലസിപ്പിക്കുന്നതിനെപ്പറ്റിയായിരുന്നു. ജനിച്ചു വീണാലും 15 വയസിനപ്പുറം ജീവിക്കില്ലെന്നായിരുന്നു ഡോക്ടർമാരും പറഞ്ഞത്. എന്നാൽ അസാമാന്യമായ മനക്കരുത്ത് കൊണ്ട് മുഫ്താഹ് ജീവിച്ചു കാണിച്ചു. സ്വന്തമായി ഐസ്ക്രീം ബിസിനസ് തുടങ്ങി. ആറോളം ബ്രാഞ്ചുകളിലായി 160ഓളം പേർക്ക് ജോലി കൊടുത്തു. ഖത്തറിലെ ഏറ്റവും പ്രായം കുറഞ്ഞ സംരംഭകൻ എന്ന ഖ്യാതി നേടി. ശാരീരികമായ പരിമിതികളുണ്ടെങ്കിലും പൊക്കക്കാരായ കൂട്ടുകാർക്കൊപ്പം കൈയ്യിൽ ബൂട്സ് അണിഞ്ഞ് ഫുട്ബോൾ കളിച്ചു.

ഗൾഫിലെ ഏറ്റവും ഉയരമേറിയ കൊടുമുടിയായ ജബൽ ഷാംസും ഗനിം കീഴടക്കി. ഒരു നയതന്ത്രജ്ഞനാകുക എന്ന ലക്ഷ്യത്തോടെ പൊളിറ്റിക്കൽ സയൻസിൽ ഉപരിപഠനം നടത്തുകയാണ് നിലവിൽ മുഫ്താഹ്. 16-ാം വയസിൽ ഖത്തർ സർവകലാശാലയിൽ ടെഡ്എക്സ് പ്രഭാഷണത്തിന് എത്തിയ മുഫ്താഹ് സദസ്യരോട് കോഡൽ റിഗ്രഷൻ സിൻഡ്രത്തെപ്പറ്റി സംസാരിച്ചു. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഭിന്നശേഷിക്കാർക്ക് പ്രതീക്ഷയുടെ പര്യായമാണ് മുഫ്താഹ്. എല്ലാ വർഷവും യൂറോപ്പിലെത്തുന്ന മുഫ്താഹ് വിദഗ്ധ ചികിത്സയ്ക്ക് വിധേയനാകുന്നുണ്ട്. ഭാവിയിൽ പാരാലിംപിക്സിൽ പങ്കെടുക്കുക എന്നതാണ് മുഫ്താഹിൻ്റെ ലക്ഷ്യം. കാലുകൾക്ക് വളർച്ചയില്ലെങ്കിലും നീന്താനും സ്കൂബാ ഡൈവ് ചെയ്യാനും കഴിയുന്ന മുഫ്താഹ് ഫുട്ബോളിലും സ്കേറ്റ് ബോർഡിങിലും തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഖത്തറിൻ്റെ ഭാവി പ്രധാനമന്ത്രിയാകുക എന്ന ലക്ഷ്യവും ഈ യുവാവിനുണ്ട്.