ഗാന്ധിനഗര്‍: ഗുജറാത്തില്‍ 7 നേതാക്കളെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര്യരായി മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് നടപടി. പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു നേതാക്കള്‍ സ്വതന്ത്ര്യരായി മത്സരിക്കാനൊരുങ്ങിയത്.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 7 എംഎല്‍എമാരെ 6 വര്‍ഷത്തേയ്ക്ക് സസ്‌പെന്റ് ചെയ്യുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സിആര്‍ പാട്ടീല്‍ വ്യക്തമാക്കി. നര്‍മദാ ജില്ലയിലെ നര്‍മോദില്‍ നിന്നുള്ള ഹര്‍ഷാദ് വാസവ, അര്‍വിന്ദ് ലദാദി, ഛത്രസിംഗ് ഗുന്‍ജരിയ, കേതന്‍ ഭായ് പാട്ടേല്‍, ഭാരത് ഭായ് ചവ്ട, ഉദയ് ഭായ് ഷാ, കരണ്‍ ഭായ് ബരയ്യ എന്നിവരെയാണ് പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തത്.

2017 നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 182 സീറ്റുകളില്‍ 99 സീറ്റും നേടിയാണ് ബിജെപി അധികാരത്തില്‍ എത്തിയത്. 27 വര്ഷമായി ബിജെപി അധികാരത്തില്‍ തുടരുന്ന സംസ്ഥാനം കൂടിയാണ് ഗുജറാത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഗുജറാത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന നേതാവ്. 140 സീറ്റുകള്‍ ലക്ഷ്യമിട്ടാണ് ഇത്തവണ ബിജെപി നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങുന്നത്. രണ്ട് ഘട്ടങ്ങളിലായി ഡിസംബര്‍ 1, 5 തിയതികളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.