സാൻഫ്രാൻസിസ്കോ: ഒറ്റത്തുള്ളിച്ചോരയിൽനിന്ന് അർബുദമടക്കമുള്ള രോഗങ്ങൾ കണ്ടെത്താൻ കഴിയുമെന്ന് തെറ്റിദ്ധരിപ്പിച്ച് തെറാനോസ് എന്ന കമ്പനിയിലൂടെ ലോകത്തെ മുഴുവൻ കബളിപ്പിച്ച എലിസബത്ത് ഹോംസിന് കലിഫോർണിയ ഡിസ്ട്രിക്ട് കോടതി 11 വർഷം തടവുശിക്ഷ വിധിച്ചു. നിക്ഷേപകരെയടക്കം വഞ്ചിച്ച ഹോംസ് (38) കുറ്റക്കാരിയാണെന്നു കോടതി നേരത്തെ കണ്ടെത്തിയിരുന്നു. സിലിക്കൺവാലിയിലെ പ്രമുഖ കമ്പനിയുടെ സിഇഒയും ശതകോടീശ്വരിയുമാണ് ഹോംസ്. ആപ്പിൾ സഹ സ്ഥാപകൻ സ്റ്റീവ് ജോബ്സിന്റെ പെൺപതിപ്പെന്ന് ബിസിനസ് ലോകം വാഴ്ത്തിയ വ്യക്തിയെക്കാത്ത് ഇനി തടവറ ജീവിതം.

യുഎസിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ശതകോടീശ്വരി (വ്യക്തിഗത ആസ്തി 450 കോടി ഡോളർ– 36,675 കോടി രൂപ) എന്നു ഫോബ്സ് മാസിക വിശേഷിപ്പിച്ച ഹോംസ് ലോകത്തെ മാറ്റിമറിക്കുന്ന ശാസ്ത്രകണ്ടുപിടിത്തമെന്ന മട്ടിൽ അവതരിപ്പിച്ച് പറ്റിച്ചത് വമ്പൻ നിക്ഷേപകരുൾപ്പെടെയുള്ളവരെയാണ്. വ്യാജ മെഡിക്കൽ റിപ്പോർട്ടിലൂടെ ആയിരക്കണക്കിനു രോഗികളെയും ഹോംസ് കബളിപ്പിച്ചു. ഒരു മണിക്കൂറിനുള്ളിൽ ഒറ്റത്തുള്ളി രക്തത്തിൽനിന്ന് കൊളസ്ട്രോൾ മുതൽ അർബുദം വരെ കണ്ടുപിടിക്കാൻ കഴിയുന്ന 240 പരിശോധനകളാണ് തെറാനോസ് മുന്നോട്ടുവച്ചത്. 

എഡിസൻ മെഷീൻ എന്ന പരിശോധനയാണ് തെറാനോസ് ലോകത്തിനു മുന്നിൽ വച്ചത്. എന്നാൽ, പരിശോധനാ ഫലങ്ങൾ മിക്കതും തെറ്റായിരുന്നു. വോൾസ്ട്രീറ്റ് ജേണൽ നടത്തിയ അന്വേഷണത്തിലാണ് കമ്പനിയുടെ തട്ടിപ്പു വെളിച്ചത്തായത്. കോടിക്കണക്കിനു ഡോളർ മൂല്യമുണ്ടായിരുന്ന കമ്പനി കള്ളിവെളിച്ചത്തായപ്പോൾ വട്ടപ്പൂജ്യമായി. 2018 ൽ പൂട്ടി.

90 കോടി ഡോളറാണ് (7336 കോടി രൂപയിലേറെ) കമ്പനി നിക്ഷേപകരിൽനിന്നു സ്വന്തമാക്കിയത്. സ്റ്റാൻഫഡ് യൂണിവേഴ്സിറ്റിയിൽനിന്ന് പാതിവഴിയിൽ പഠനം ഉപേക്ഷിച്ചാണ് എലിസബത്ത് 2003 ൽ 19–ാം വയസ്സിൽ തെറാനോസ് ആരംഭിച്ചത്. ഗർഭിണിയായ എലിസബത്ത് ഹോംസ് കോടതിയോട് മാപ്പിരന്നു. കടുത്ത കുറ്റബോധമുണ്ടെന്നും കബളിപ്പിച്ചവരുടെ വേദന മനസ്സിലാക്കുന്നുവെന്നും പറഞ്ഞു.

മാധ്യമരാജാവ് റുപെർട് മർഡോക്, ഓറക്കിൾ കോർപറേഷന്റെ സ്ഥാപകൻ ലാറി എലിസൺ, വാൾമാർട്ട് സ്ഥാപകൻ സാം വാൾട്ടന്റെ മകൻ ജിം വാൾട്ടൻ തുടങ്ങിയ വമ്പൻമാർ തെറാനോസിലെ ആദ്യകാല നിക്ഷേപകരായിരുന്നു. യുഎസ് മുൻ സ്റ്റേറ്റ് സെക്രട്ടറിമാരായ ഹെൻറി കിസിൻജർ, ജോർജ് ഷൂൾസ്, യുഎസ് മുൻ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് അടക്കമുള്ള പ്രമുഖരാണ് കമ്പനിയുടെ ഡയറക്ടർ ബോർഡിലുണ്ടായിരുന്നത്. 

ഭാവിയുടെ ലബോറട്ടറി എന്നാണ് ഇപ്പോഴത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വൈസ് പ്രസിഡന്റായിരുന്ന സമയത്ത് തെറാനോസ് സന്ദർശിച്ച ശേഷം വിശേഷിപ്പിച്ചത്. 2015 ൽ ലോകത്തെ ഏറ്റവുമധികം സ്വാധീനിക്കുന്ന 100 പേരുടെ പട്ടികയിൽ ടൈം മാസിക ഹോംസിനെ ഉൾപ്പെടുത്തിയിരുന്നു.