പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വെടിയേറ്റു. വസീറാബാദില്‍ നടന്ന ‘റിയല്‍ ഫ്രീഡം’ റാലിക്കിടെയാണ് വെടിവെപ്പുണ്ടായത്. അദ്ദേഹത്തിന്റെ കാലിന് പരിക്കേറ്റു. പിന്നാലെ അദ്ദേഹം സഞ്ചരിച്ച കണ്ടെയ്‌നറില്‍ നിന്ന് ബുള്ളറ്റ് പ്രൂഫ് വാഹനത്തിലേക്ക് മാറ്റി ആശുപത്രിയിലെത്തിച്ചു. സഫറലി ഖാന്‍ ചൗക്കിലാണ് സംഭവം നടന്നതെന്ന് എആര്‍വൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

റാലിയില്‍ പങ്കെടുത്ത നാല് പേര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. പിടിഐ നേതാവ് ഫൈസല്‍ ജാവേദിനും പരിക്കേറ്റതായി വൃത്തങ്ങള്‍ അറിയിച്ചു. അക്രമികള്‍ എകെ 47 ഉപയോഗിച്ചാണ് ഇമ്രാന്‍ ഖാനെ വെടിവെച്ചതെന്ന് പിടിഐ നേതാവ് ഫവാദ് ചൗധരി പറഞ്ഞു. റാലിക്കിടെ തുറന്ന വാഹനത്തിലാണ് ഇമ്രാന്‍ ഖാന്‍ യാത്ര ചെയ്തിരുന്നത്.

അടിയന്തരമായി തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇസ്ലാമാബാദിലേക്ക് മാര്‍ച്ച് നടത്താന്‍ ഇമ്രാന്‍ ഖാന്‍ തീരുമാനിച്ചത്. കിഴക്കന്‍ നഗരമായ ലാഹോറില്‍ നിന്ന് ആരംഭിച്ച അദ്ദേഹത്തിന്റെ വാഹനവ്യൂഹം വെള്ളിയാഴ്ച ഇസ്ലാമാബാദിലെത്തുമെന്നായിരുന്നു പ്രതീക്ഷ. ഇതിനിടെയാണ് വെടിവെപ്പ്.

നേരത്തെ ഇമ്രാന്‍ ഖാന്റെ റാലിക്കിടെ കണ്ടെയ്നറിനടിയില്‍പ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തക മരിച്ചിരുന്നു. പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ചാനല്‍ ഫൈവ് റിപ്പോര്‍ട്ടര്‍ സദഫ് നയീമാണ് മരിച്ചത്. വാഹനത്തിന് സമീപം നിന്ന മാധ്യമപ്രവര്‍ത്തക തിരക്കിനിടെ കണ്ടെയ്‌നറിന്റെ അടിയിലേക്ക് വീഴുകയായിരുന്നു. പിന്നാലെ വാഹനം ഇവരുടെ മേല്‍ പാഞ്ഞുകയറി. സംഭവത്തിന് പിന്നാലെ ഇമ്രാന്‍ ഖാന്‍ തന്റെ ലോംഗ് മാര്‍ച്ച് നിര്‍ത്തിവച്ചു.