ന്യൂയോര്‍ക്ക്: ട്വിറ്ററിന്റെ മുഴുവന്‍ ഡയറക്ടേഴ്‌സിനെയും പുറത്താക്കി എലോണ്‍ മസ്‌ക്. സോഷ്യല്‍ മീഡിയ ഭീമനായ ഈ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമിന്റെ ഏക ഡയറക്ടറാണ്‌ മസ്‌ക് ഇപ്പോള്‍. നവംബര്‍ 1 ന് മുമ്പ് കമ്പനിയില്‍ വന്‍തോതില്‍ പിരിച്ചുവിടല്‍ നടക്കുമെന്ന് അവകാശപ്പെട്ട റിപ്പോര്‍ട്ട് മസ്‌ക് നിഷേധിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇത്. ട്വിറ്ററിന്റെ പുതിയ ഉടമയുടെ ഈ നീക്കത്തെ തുടര്‍ന്ന്, ട്വിറ്റര്‍ ബോര്‍ഡിലെ മുന്‍ അംഗങ്ങളെല്ലാം ഇനി ഡയറക്ടര്‍മാരായി തുടരില്ല. 

ജീവനക്കാര്‍ക്ക് അവരുടെസ്റ്റോക്ക് ഗ്രാന്റുകള്‍ നല്‍കാന്‍ തീരുമാനിച്ച നവംബര്‍ 1 തീയതിക്ക് മുമ്പ് പിരിച്ചുവിടലുകള്‍ നടക്കുമെന്ന്്വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 
44 ബില്യണ്‍ ഡോളറിന് കമ്പനിയെ ഏറ്റെടുത്തതിന് ശേഷം, സിഇഒ പരാഗ് അഗര്‍വാള്‍, സിഎഫ്ഒ നെഡ് സെഗാള്‍, പോളിസി ചീഫ് വിജയ് ഗാഡെ എന്നിങ്ങനെ മുന്‍നിരയിലുണ്ടായിരുന്നവരെ മസ്‌ക്് പുറത്താക്കിയിരുന്നു.