ന്യൂയോര്‍ക്ക്: നവംബർ ഒന്നിന് മുൻപായി ട്വിറ്റർ ജീവനക്കാരെ പിരിച്ചു വിടുന്നതുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോർട്ടുകൾ നിഷേധിച്ച് ട്വിറ്ററിന്റെ പുതിയ ഉടമ എലോൺ മസ്‌ക്. നവംബർ ഒന്നിന് മുൻപായി 100 മില്യൺ ഡോളർ ലാഭിക്കാൻ മസ്‌ക് ജീവനക്കാരെ പിരിച്ചുവിടാൻ നിർദ്ദേശം നൽകിയെന്നാണ് റിപ്പോർട്ടുകൾ വന്നിരുന്നത്.എന്നാൽ ഇത് തെറ്റാണെന്ന് മസ്‌ക് പ്രതികരിച്ചു.

കമ്പനിയിൽ ജീവനക്കാരെ വെട്ടിക്കുറയ്ക്കാൻ മസ്‌ക് ഉത്തരവിട്ടിട്ടുണ്ടെന്നും, ചില വിഭാഗങ്ങളിൽ മറ്റുള്ളതിനെ അപേക്ഷിച്ച് കൂടുതൽ വെട്ടിച്ചുരുക്കൽ വേണമെന്നും, ജീവനക്കാർക്ക് അവരുടെ സ്‌റ്റോക്ക് ഗ്രാന്റുകൾ നൽകാൻ തീരുമാനിച്ച നവംബർ 1 തീയതിക്ക് മുമ്പ് പിരിച്ചുവിടലുകൾ നടക്കുമെന്നുമാണ് വിവിധ അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്‌.

തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ച് സുപ്രധാന സ്ഥാനങ്ങളിൽ ഇരുന്ന ഉദ്യോഗസ്ഥരെ പുറത്താക്കിയാണ് മസ്‌ക് ട്വിറ്ററിൽ തന്റെ യാത്ര ആരംഭിച്ചത്. ട്വിറ്റർ സിഇഒ പരാഗ് അഗർവാൾ, കമ്പനിയുടെ നിയമ മേധാവി വിജയ ഗാഡെ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ നെഡ് സെഗാൾ എന്നിവരായിരുന്നു മസ്‌ക് ചുമതലയേറ്റയുടനെ പിരിച്ചുവിട്ട ഉദ്യോഗസ്ഥർ.