മോര്‍ബി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസും എഎപിയും  ഗുജറാത്തില്‍ പാലം തകര്‍ന്ന് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്ന മോര്‍ബി സിവില്‍ ആശുപത്രിയില്‍ മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി പെയിന്റടിക്കുകയും അറ്റകുറ്റപണികള്‍ ചെയ്യുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് വിമര്‍ശനം.

പ്രധാനമന്ത്രിക്ക് ‘ഫോട്ടോഷൂട്ട്’ നടത്താനായാണ് ആശുപത്രി പെയിന്റ് ചെയ്യുന്നതെന്നും ഇരു പാര്‍ട്ടികളും വിമര്‍ശിച്ചു.പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ആശുപത്രി പെയിന്റ് ചെയ്യുന്ന വീഡിയോ ആം ആദ്മി പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് പങ്കിട്ടു. 141 പേര്‍ മരിച്ചു, നൂറുകണക്കിനാളുകളെ കാണാതായി, യഥാര്‍ത്ഥ കുറ്റവാളികള്‍ക്കെതിരെ ഒരു നടപടിയും എടുത്തിട്ടില്ല, എന്നാല്‍ ബിജെപി പ്രവര്‍ത്തകര്‍ ഫോട്ടോഷൂട്ടിന് തയ്യാറെടുക്കുന്ന തിരക്കിലാണ്, ബിജെപിയെ ആക്ഷേപിച്ച് എഎപി കുറിച്ചു.

പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശനത്തിനായി ആശുപത്രി പുതുതായി പെയിന്റ് ചെയ്തതാണെന്നും പുതിയ ടൈലുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ആരോപിച്ച് കോണ്‍ഗ്രസും ചിത്രങ്ങളും പങ്കുവെച്ചു.’അവര്‍ക്ക് നാണമില്ല! നിരവധി ആളുകള്‍ മരിച്ചു, അവര്‍ ഒരു വലിയ പരിപാടിക്ക് തയ്യാറെടുക്കുന്നു ‘  കോണ്‍ഗ്രസ് വിമര്‍ശിച്ചു.

എഎപി ഡല്‍ഹി എംഎല്‍എ നരേഷ് ബല്യാനും വിഷയത്തില്‍ പ്രതികരിച്ചു, ‘നാണമില്ലായ്മയ്ക്കും ഒരു പരിധിയുണ്ട്’ എന്നാണ് അദ്ദേഹം പറഞ്ഞത്.നിരവധി പേര്‍ മരിച്ചു, മോര്‍ബിയിലെ സിവില്‍ ഹോസ്പിറ്റലില്‍ പെയിന്റിംഗും അലങ്കാരപ്പണികളുമാണ് നടക്കുന്നത്. ഇവന്റ് മാനേജ്മെന്റിന് മാത്രമാണ് ബിജെപി അറിയപ്പെടുന്നത്. രണ്ട് തരത്തിലുള്ള ദുരന്തങ്ങളുണ്ടെങ്കിലും ഗുജറാത്തില്‍ ബി.ജെ.പിയാണ് മൂന്നാമത്തെ ദുരന്തം. പെയിന്റിങ്ങിനും അലങ്കാരത്തിനും പകരം, രോഗികള്‍ക്ക് ശരിയായ ചികിത്സ ലഭിക്കുന്നുണ്ടെന്ന് അവര്‍ ഉറപ്പാക്കണം ഗുജറാത്തിലെ കോണ്‍ഗ്രസ് വക്താവ് ഹേമാങ് റാവല്‍ പറഞ്ഞു. 

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ആശുപത്രി മുഴുവനും ശുചീകരണ തൊഴിലാളികളെക്കൊണ്ട് തിരക്കിലായിരുന്നു. പുതിയ വാട്ടര്‍ കൂളറുകളും  കിടക്കകളും ആശുപത്രിയില്‍ സ്ഥാപിച്ചിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരം ഗുജറാത്തിലെ മോര്‍ബി ജില്ലയില്‍ തൂക്കുപാലം തകര്‍ന്ന് 130-ലധികം പേര്‍ മരണപ്പെട്ടിരുന്നു. ദുരന്തത്തില്‍ രാജ്യത്തെ എല്ലാ കോണുകളില്‍ നിന്നും അനുശോചനം പ്രവഹിച്ചിരുന്നു.