ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനുള്ള തൃണമൂൽ കോൺഗ്രസിന്റെ തീരുമാനത്തിൽ പ്രതികരിച്ച് പ്രതിപക്ഷ സ്ഥാനാർഥി മാർഗരറ്റ് ആൽവ. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കാനുള്ള തൃണമൂൽ കോൺ​ഗ്രസിന്റെ തീരുമാനം നിരാശാജനകമാണെന്ന് മാർഗരേറ്റ് ആൽവ ട്വിറ്ററിൽ കുറിച്ചു. ഇത് ‘വാട്ടബൗട്ടറി’യുടെയോ ഈഗോയുടെയോ കോപത്തിന്റെയോ സമയമല്ല. ധൈര്യത്തിന്റെയും നേതൃത്വത്തിന്റെയും ഐക്യത്തിന്റെയും സമയമാണ്. ധീരതയുടെ പ്രതിരൂപമായ മമത ബാനർജി പ്രതിപക്ഷത്തോടൊപ്പം നിൽക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു- ആൽവ വ്യക്തമാക്കി.

പാർട്ടിയോട് ആലോചിക്കാതെ പ്രതിപക്ഷ സ്ഥാനാർഥിയെ തീരുമാനിച്ചതിനോട് യോജിക്കാത്തതിനാൽ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ തൃണമൂൽ കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രി മമത ബാനർജി തൃണമൂൽ എംപിമാരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. മുൻ പശ്ചിമ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻഖറിനെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയാക്കിയപ്പോൾ മുൻ രാജസ്ഥാൻ ഗവർണർ മാർഗരറ്റ് ആൽവയെയാണ് പ്രതിപക്ഷം സ്ഥാനാർഥിയാക്കിയത്. മമത ബാനർജിയുമായി ആലോചിക്കാതെ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർഥിയെ എങ്ങനെ പ്രഖ്യാപിച്ചുവെന്നും തൃണമൂൽ കോൺ​ഗ്രസ് ചോദിച്ചു.