കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ക്ഷേത്രത്തിൽ പ്രതിദിനം വെർച്വൽ ക്യൂ വഴി 3000 പേർക്ക് മാത്രം ദർശനാനുമതി. ചോറൂണ് നിർത്തിവച്ചു. ശീട്ടാക്കിയവർക്ക് പ്രസാദ കിറ്റ് നൽകും. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ബുക്ക് ചെയ്തിരുന്ന എല്ലാ പരിപാടികളും മാറ്റി. ക്ഷേത്രത്തിനുള്ളിലെ കൃഷ്ണനാട്ടം കളിയും മാറ്റിവച്ചു. വിവാഹത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വരന്റെയും വധുവിന്റെയും പത്ത് ബന്ധുക്കൾക്കും രണ്ട് ഫോട്ടോഗ്രാഫർമാർക്കും മാത്രമേ പ്രവേശനാനുമതി ലഭിക്കുകയുള്ളൂ. കൊവിഡ് മാനദണ്ഡം പാലിച്ച് തുലാഭാരം നടത്താനും അനുമതി.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 25 ഡോക്ടർമാർ ഉൾപ്പടെ 107 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ 10 ഡോക്ടർമാർ ഉൾപ്പടെ 17 ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു. അത്യാഹിത വിഭാഗത്തില്‍ മാത്രം മൂന്ന് ഡോക്ടർമാര്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്. ഡെന്റൽ, ഇഎൻടി വിഭാഗങ്ങള്‍ താൽകാലികമായി അടച്ചു. നേമം താലൂക്ക് ആശുപത്രിയിൽ മൂന്ന് ഡോക്ടര്‍മാര്‍ അടക്കം 21 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.

കളമശ്ശേരി മെഡിക്കൽ കോളജിലും സ്ഥിതി അതീവ ഗൗരവമാണ്. 22 ഡോക്ടർമാർ ഉൾപ്പെടെ 75 ജീവനക്കാർക്കാണ് കളമശ്ശേരി മെഡിക്കൽ കോളജിൽ കൊവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഏഴ് ഡോക്ടർമാർക്കും നാല് മെഡിക്കൽ വിദ്യാർത്ഥികൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

അതേസമയം തൃശൂർ മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റ് കൗണ്ടർ പ്രവർത്തനം പുനഃ ക്രമീകരിച്ചു. കൊവിഡ് ബാധിതർ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഓ പി ടിക്കറ്റ് കൗണ്ടറിന്റെ പ്രവർത്തന സമയം രാവിലെ 11 മണിവരെയാണ്. വാർഡുകളിലേക്കുള്ള പ്രവേശന കവാടങ്ങളുടെ എണ്ണം കുറയ്ക്കും. വാർഡുകളിലേക്ക് സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി.