തിരുവനന്തപുരം:കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി എം.പിയെ കളിയാക്കിയ എം.മുകേഷിന് നിയമസഭയില്‍ അന്‍വര്‍ സാദത്തിന്റെ ചൂടന്‍ മറുപടി. കൊല്ലത്ത് കടലില്‍ ചാടിയ രാഹുല്‍ ഗാന്ധിയെ കേരളത്തിന്റെ ടൂറിസം അംബാസഡറായി പ്രഖ്യാപിക്കണമെന്ന് ബഡ്ജറ്റ് ചര്‍ച്ചയില്‍ മുകേഷ് പരിഹാസരൂപേണ ആവശ്യപ്പെട്ടു. രാഹുല്‍ കടലില്‍ ചാടിയെങ്കിലും കൂടെ ഒറ്ര കോണ്‍ഗ്രസുകാരനും ചാടിയില്ല. വലിയനേതാക്കള്‍ പൊതുവേ ദീര്‍ഘദര്‍ശികളാണെന്നും യു.ഡി.എഫിന്റെ കേരളത്തിലെ സ്ഥിതി മുന്‍കൂട്ടിക്കണ്ടാണ് പ്രതീകാത്മകമായി രാഹുല്‍ കടലില്‍ ചാടിയതെന്നും മുകേഷ് കളിയാക്കി.

തുടര്‍ന്ന് പ്രസംഗിച്ച ആലുവ അംഗം അന്‍വര്‍ സാദത്ത് മുകേഷിന് മറുപടി നല്‍കി. രാഹുല്‍ ഗാന്ധിയെ ബി.ജെ.പി മോശക്കാരാനാക്കാന്‍ ശ്രമിക്കുന്നതുപോലെ എല്‍.ഡി.എഫും ചെയ്യുകയാണെന്നാരോപിച്ച അദ്ദേഹം ഇതാണ് നിലപാടെങ്കില്‍ പണ്ട് സിനിമയില്‍ പറഞ്ഞതുപോലെ തോമസ് കുട്ടി വിട്ടോടാ എന്നേ പറയാനുള്ളൂ.

ആരോ എഴുതിക്കൊടുത്ത യാതൊരു നിലവാരവുമില്ലാത്ത സ്ക്രിപ്റ്റ് അതേപടി വായിക്കുകയാണ് മുകേഷ് ചെയ്തതെന്നും അന്‍വര്‍ സാദത്ത് ആരോപിച്ചു. രാഹുല്‍ഗാന്ധി താമസിച്ച ഹോട്ടലിലെ ബില്ല് അടച്ചില്ലെന്ന് മുകേഷ് പറഞ്ഞതോടെ പി.സി.വിഷ്ണുനാഥ് ക്രമപ്രശ്നം ഉന്നയിച്ചെങ്കിലും മുകേഷ് പ്രസംഗം തുടര്‍ന്നു. സ്പീക്കര്‍ പലതവണ പറഞ്ഞിട്ടും മുകേഷ് കേള്‍ക്കുന്നുണ്ടായിരുന്നില്ല. ഞാന്‍ വഴങ്ങുന്നില്ല എന്നു മാത്രമാണ് മുകേഷ് പറഞ്ഞത്. പിന്നീട് ഭരണകക്ഷി ബെഞ്ചുകളില്‍ നിന്ന് അംഗങ്ങള്‍ വിളിച്ചുപറഞ്ഞപ്പോഴാണ് മുകേഷ് പ്രസംഗം നിറുത്തിയത്. റൂമിന്റെ വാടക കൊടുത്തെന്ന് ഹോട്ടല്‍ മാനേജര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് വിഷ്ണുനാഥ് പറഞ്ഞതോടെ പൈസ കൊടുത്തിട്ടുണ്ടെങ്കില്‍ ഒ.കെ, ആ ഹോട്ടലുകാരന്‍ രക്ഷപ്പെടട്ടെ” എന്നായിരുന്നു മുകേഷിന്റെ മറുപടി.