ന്യൂഡല്‍ഹി : ഓട്ടോറിക്ഷാ ഡ്രൈവറും കുടുംബവും വാക്‌സിന്‍ കുത്തിവെപ്പ് നടത്താന്‍ പുറത്ത് പോയപ്പോള്‍ വീട്ടില്‍ മോഷണം. 25 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും മോഷണം പോയി. ന്യൂഡല്‍ഹിയിലെ ശിവ് വിഹാറിലാണ് സംഭവം. എന്നാല്‍ സ്വര്‍ണമല്ലാത്ത മറ്റ് ആഭരണങ്ങള്‍ മോഷ്ടാക്കള്‍ എടുത്തിട്ടില്ലെന്ന് ഓട്ടോ ഡ്രൈവര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം രാവിലെയാണ് കുത്തിവെപ്പ് നടത്താന്‍ ഓട്ടോറിക്ഷാ ഡ്രൈവറായ അരവിന്ദ് കുമാര്‍ പട്വയും കുടുംബവും പുറത്ത് പോയത്. എന്നാല്‍ ഉച്ചയ്ക്ക് മൂന്ന് മണിയോടെ തിരികെ എത്തി നോക്കിയപ്പോള്‍ വീടിന്റെ വാതില്‍ തുറന്ന് കിടക്കുന്നതാണ് കണ്ടത്. വീട്ടിലെ പണവും സ്വര്‍ണാഭരണങ്ങളും മോഷണം പോയതായി അരവിന്ദ് കുമാര്‍ പറഞ്ഞു. എന്നാല്‍ സ്വര്‍ണമല്ലാത്ത ആഭരണങ്ങള്‍ എടുത്തിട്ടില്ല. വീട്ടിലെ ലൈറ്റും ഫാനുകളും ഓണാക്കിയിട്ട രീതിയിലായിരുന്നു എന്നും അരവിന്ദ് പറഞ്ഞു.

സഹോദരിയുടെ ആഭരണങ്ങളാണ് വീട്ടില്‍ നിന്നും മോഷണം പോയത്. വീട്ടില്‍ ആരും ഇല്ലാത്ത സമയത്ത് പുറത്ത് ഒരാളെ കണ്ടതായും അയല്‍വാസികള്‍ പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.