തൃശൂര്‍ : ബാറുകളും ബെവ്‌കോ ഔട്ട്‌ ലെറ്റുകളും ജില്ലയില്‍ വാറ്റ് കേന്ദ്രങ്ങള്‍ സജീവമായതായി റിപ്പോര്‍ട്ട്‌.അനധികൃത മദ്യ വില്പനയും വ്യാപകമായി. വ്യാജവാറ്റ് കേന്ദ്രങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി എക്സ്സൈസ് വകുപ്പ്. ഇന്നലെ മാത്രം മൂന്നിടത്ത് നിന്നാണ് അനധികൃത മദ്യ വില്പന കണ്ടെത്തിയതും പ്രതികളെ പിടി കൂടിയതും.

ദേശീയ പാതയില്‍ ആഡംബര കാറില്‍ കടത്തിയിരുന്ന അന്യ സംസ്ഥാനത്ത് നിന്ന് കൊണ്ടു വന്ന 85 കുപ്പി മദ്യമാണ് പിടികൂടിയതെങ്കില്‍ വരന്തരപ്പിള്ളിയില്‍ ബാറില്‍ നിന്ന് കൊണ്ട് പോയിരുന്ന 137 കുപ്പി മദ്യവും രണ്ടു കെയ്സ് ബീറുമാണ് എക്സ്സൈസ് പിടിച്ചെടുത്തത്. ഇത്തരം മദ്യങ്ങള്‍ മൂന്നും നാലും ഇരട്ടി വില കൂട്ടിയാണ് വില്പന നടത്തുന്നതെന്നും പറയുന്നു.

കഴിഞ്ഞ ലോക്ഡൗണ്‍ കാലത്തും ഇത്തരത്തില്‍ വ്യാജ മദ്യ വില്പന വ്യാപകമായി നടന്നിരുന്നു. കൊവിഡ് നിയന്ത്രണം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചതോടെ മദ്യ വില്പന ഇനിയും കൂടുമെന്ന റിപ്പോര്‍ട്ട്‌ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ എക്സ്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കി. ഷാഡോ സ്ക്വഡുകള്‍ രൂപീകരിച്ചും സ്പെഷ്യല്‍ ടീമിനെ നിയോഗിച്ചാണ് നടപടികള്‍ കര്‍ശനമാക്കിയിരിക്കുന്നത്.