തിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹോസ്റ്റലുകളും ലോഡ്ജുകളും ഏറ്റെടുക്കും. നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. ലോഡ്ജ്, ഹോസ്റ്റലുകള്‍ എന്നിവ സി എഫ് എല്‍ ടി സികള്‍ ആക്കി മാറ്റുന്ന പ്രവര്‍ത്തനം ത്വരിതപ്പെടുത്തും. കെ എസ് ഇ ബി , വാട്ടര്‍ അതോറിറ്റി കുടിശ്ശികകള്‍ പിരിക്കുന്നത് രണ്ട് മാസത്തേക്ക് നിര്‍ത്തി വെക്കും. ബാങ്ക് റിക്കവറികള്‍ നീട്ടി വെക്കാന്‍ ബാങ്കുകളോട് അഭ്യര്‍ത്ഥിക്കും. വളരെ ഗൗരവമേറിയ അവസ്ഥയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് വ്യാപനം ശക്തമായി തുടരുകയാണെന്നും നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഹോസ്പിറ്റലുകളില്‍ നിലവിലുള്ളത് 2857 ഐസിയു ബെഡുകളാണ്. അതില്‍ 996 ബെഡുകള്‍ കോവിഡ് രോഗികളുടേയും 756 ബെഡുകള്‍ കോവിഡിതര രോഗികളുടേയും ചികിത്സയ്ക്കായി ഉപയോഗിക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ 38.7 ശതമാനം ഐസിയു ബെഡുകള്‍ ആണ് ഇപ്പോള്‍ ബാക്കിയുള്ളത്. സ്വകാര്യ ആശുപത്രികളിലെ 7085 ഐസിയു ബെഡുകളില്‍ 1037 എണ്ണമാണ് കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഇപ്പോള്‍ ഉപയോഗിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ നിലവില്‍ ഉള്ള ആകെ വെന്‍റിലേറ്ററുകളുടെ എണ്ണം 2293 ആണ്. അതില്‍ 441 വെന്‍റിലേറ്ററുകള്‍ കോവിഡ് രോഗികളുടെ ചികിത്സയ്ക്കായും 185 എണ്ണം കോവിഡേതര രോഗികളുടെ ചികിത്സയ്ക്കായും ഉപയോഗത്തിലാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ മൊത്തം വെന്‍്റിലേറ്ററുകളുടെ 27.3 ശതമാനമാണ് ഇപ്പോള്‍ ഉപയോഗത്തിലുള്ളത്. സ്വകാര്യ ആശുപത്രികളിലെ 1523 വെന്‍റിലേറ്ററുകളില്‍ 377 എണ്ണമാണ് നിലവില്‍ കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. സിഎഫ്‌എല്‍ടിസികളിലെ ബെഡുകളില്‍ 0.96 ശതമാനവും സിഎല്‍ടിസികളിലെ ബെഡുകളില്‍ 20.6 ശതമാനവും ബെഡുകള്‍ ഓക്സിജന്‍ ബെഡുകളാണ്. മെഡിക്കല്‍ കോളേജുകളില്‍ ആകെയുള്ള 3231 ഓക്സിജന്‍ ബെഡുകളില്‍ 1731 എണ്ണമാണ് കോവിഡ് ചികിത്സയ്ക്കായി നീക്കി വച്ചിരിക്കുന്നത്. അതില്‍ 1429 ബെഡുകളിലും രോഗികള്‍ ചികിത്സയിലാണ്. 546 പേര്‍ കോവിഡേതര രോഗികളാണ്. മൊത്തം 3231 ഓക്സിജന്‍ ബെഡുകളില്‍ 1975 എണ്ണവും ഇപ്പോള്‍ ഉപയോഗത്തില്‍ ആണ്.

ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസസിനു കീഴിലുള്ള ആശുപത്രികളില്‍ 3001 ഓക്സിജന്‍ ബെഡുകള്‍ ആണുള്ളത്. അതില്‍ 2028 ബെഡുകള്‍ ആണ് കോവിഡ് ചികിത്സയ്ക്ക് നീക്കി വച്ചിരിക്കുന്നത്. അവയില്‍ 1373 ഓക്സിജന്‍ ബെഡുകളില്‍ ഇപ്പോള്‍ രോഗികള്‍ ചികിത്സയിലാണ്. കോവിഡേതര രോഗികളെക്കൂടെ കണക്കിലെടുത്താല്‍ ഈ ആശുപത്രികളിലെ 51.28 ശതമാനം ഓക്സിജന്‍ ബെഡുകളിലും രോഗികള്‍ ചികിത്സിക്കപ്പെടുന്നു. സ്വകാര്യ ആശുപത്രികളിലെ 2990 ഓക്സിജന്‍ ബെഡുകളില്‍ 66.12 ശതമാനം ഓക്സിജന്‍ ബെഡുകള്‍ ഇതിനോടകം ഉപയോഗത്തിലായിക്കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാര്‍ഡ് തല സമിതികളിലും റാപിഡ് റെസ്പോണ്‍സ് ടീമിലും പ്രദേശത്തെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ കൂടി ഉള്‍പ്പെടുത്തുവാന്‍ നിര്‍ദശം നല്‍കും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ട റിട്ടേണിംഗ് ഓഫീസര്‍മാരെ ഇതില്‍ ഉള്‍പ്പെടുത്തുന്ന കാര്യം നേരത്തെ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായ മറ്റുള്ളവരെയും ഉള്‍പ്പെടുത്തും.

രണ്ടാമത്തെ ഡോസ് വാക്സിന്‍ 3 മാസം കഴിഞ്ഞ് സ്വീകരിക്കുന്നതാണ് നല്ലതെന്ന് പുതിയ പഠന റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. ഓക്സിജന്‍ ലഭ്യതയുടെ കാര്യത്തില്‍ നിലവില്‍ പ്രശ്നമില്ല. പ്രൈവറ്റ് ഹോസ്പിറ്റലില്‍ ആവശ്യത്തിനു ഒക്സിജന്‍ ലഭിക്കണം. ഒരു ഹോസ്പിറ്റലിലും വേണ്ട ഒക്സിജന്‍ എത്രയെന്നു ജില്ലാതല സമിതികള്‍ക്ക് ധാരണ വേണം. ആരോഗ്യവകുപ്പ് ഓരോ ദിവസവും കണക്കെടുക്കണം. അതുവെച്ച്‌ ആവശ്യമായ ഒക്സിജന്‍ ലഭ്യത ഉറപ്പു വരുത്തണം. വീഴ്ചയില്ലാതെ കുറ്റമറ്റമായ രീതിയില്‍ നിരീക്ഷിക്കണം.

ആലപ്പുഴയില്‍ രോഗികള്‍ കൂടുന്നത് പ്രത്യേകം പരിശോധിക്കണം.
മെഡിക്കല്‍ കൗണ്‍സില്‍ അടക്കമുള്ള കൗണ്‍സിലുകളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കാത്തുനില്‍ക്കുന്നവര്‍ക്ക് താല്‍ക്കാലിക രജിസ്ട്രേഷന്‍ നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.