കോവിഡ് രോഗികളുടെ എണ്ണം കൂടിയാലും കേരളം സജ്ജമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും മരണനിരക്ക് വളരെ കൂടിയപ്പോഴും കേരളത്തിലെ മരണനിരക്ക് ഇപ്പോഴും 0.4 ശതമാനം മാത്രമാണ്.

രോഗികളുടെ എണ്ണം കൂടുമ്ബോഴും മരണനിരക്ക് പിടിച്ചു നിര്‍ത്താന്‍ ശക്തമായ നടപടികള്‍ ആവശ്യമാണ്. കേരളത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വളരെ കൃത്യമായ പ്ലാനോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും കെ കെ ശൈലജ പറഞ്ഞു.

കേരളത്തിന് ഇതുവരെ 60.84 ലക്ഷം ഡോസ് വാക്‌സിനാണ് ഇതുവരെ ലഭിച്ചത്. 56.75 ലക്ഷം ഡോസ് ഇതുവരെ വിതരണം ചെയ്തുകഴിഞ്ഞു. 5,80,880 ഡോസ് വാക്‌സിനാണ് ഇനിയുള്ളത്.

മാസ് വാക്‌സിനേഷന്‍ ക്യാംപയിന്‍ പൂര്‍ത്തിയാക്കണമെങ്കില്‍ അടിയന്തരമായി 50 ലക്ഷം ഡോസ് നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. കോവിഡിന്റെ പീക്ക് ഡിലേ ചെയ്യാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്.

ഇപ്പോഴത്തെ വ്യാപനം കുറക്കാനാണ് ക്രഷിംഗ് ദ കര്‍വ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായാണ് കൂട്ടപരിശോധനയും മാസ് വാക്‌സിനേഷനും ആരംഭിച്ചത്.

സംസ്ഥാനത്ത് കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതാണ്. കൂട്ടപരിശോധനകളില്‍ രോഗികളുടെ എണ്ണം കൂടിയാലും കേരളം സജ്ജമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.