ഇന്ന് പുലര്‍ച്ചെയാണ് നടന്‍ വിവേക് അന്തരിച്ചത്. തമിഴ് സിനിമയില്‍ ഹാസ്യത്തിന് പുതിയ ദിശ നല്‍കിയ നടനാണ് വിടവാങ്ങിയത്. സാമൂഹിക വിമര്‍ശനം കൂടി ഉള്‍ക്കൊള്ളുന്നതായിരുന്നു വിവേകിന്റെ തമാശകള്‍. കേരളത്തിലും അദ്ദേഹത്തിന് ഒരുപാട് ആരാധകരുണ്ടായിരുന്നു.

ആരാധകരും സഹപ്രവര്‍ത്തകരുമുള്‍പ്പടെ നിരവധി പേര്‍ താരത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു. ഏറ്റവും അടുത്ത സുഹൃത്തിനെയാണ് നഷ്ടമായതെന്നും, വിവേകിന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും നടന്‍ രജനീകാന്ത് അനുശോചിച്ചു.നടന്‍ ടൊവിനോ തോമസും ആദരാഞ്ജലി അര്‍പ്പിച്ചു

 

 

1961 നവംബര്‍ 19 ന് തൂത്തുക്കുടിയിലെ കോവില്‍പട്ടിയിലാണ് വിവേകാനന്ദന്‍ (വിവേക്) ജനിച്ചത്. മധുരയിലെ അമേരിക്കന്‍ കോളജില്‍ നിന്നും കൊമേഴ്സില്‍ ബിരുദമെടുത്തു. ചെന്നൈയില്‍ ജോലി ചെയ്യുന്ന സമയത്താണ് സംവിധായകന്‍ കെ ബാലചന്ദറിന് അദ്ദേഹം പരിചയപ്പെടുന്നത്. പിന്നീട് തിരക്കഥാ രചനയിലും മറ്റും ബാലചന്ദറിന്റെ സഹായിയായി. 1987ല്‍ പുറത്തിറങ്ങിയ മാനതില്‍ ഉരുതി വേണ്ടും ആണ് ആദ്യ ചിത്രം.

പുതുപുതു അര്‍ഥങ്കള്‍, ഒരുവീട് ഇരുവാസല്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു. 1990കളില്‍ ഹിറ്റ് സിനിമകളുടെ ഭാഗമായി. രജനികാന്ത്, വിജയ്, അജിത്, വിക്രം, ധനുഷ്, സൂര്യ തുടങ്ങി എല്ലാ സൂപ്പര്‍താരങ്ങള്‍ക്കുമൊപ്പവും അഭിനയിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു.

ഖുശി,റണ്‍, സാമി, ശിവാജി, അന്യന്‍,ആദി, പേരഴഗന്‍, എം. കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി, വാലി, സിങ്കം, അഴഗി, തുടങ്ങി ഇരുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷന്‍ അവതാരകനായും വിവേക് തിളങ്ങി.മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാം, രജനികാന്ത് എന്നിവരുമായി നടത്തിയ അഭിമുഖങ്ങള്‍േ ശ്രദ്ധേയമായിരുന്നു. ഭാര്യ: അരുള്‍സെല്‍വി. മക്കള്‍: അമൃതനന്ദിനി, തേജസ്വിനി, പരേതനായ പ്രസന്നകുമാര്‍.