കോട്ടയം: എംജി യൂണിവേഴ്‌സിറ്റി എംകോം പരീക്ഷയില്‍ വിദ്യാര്‍ത്ഥികളുടെ കൂട്ടത്തോല്‍വി. 2019-21 ബാച്ച്‌ റഗുലര്‍ എംകോം (സിഎസ്‌എസ്) ഒന്നാം സെമസ്റ്റര്‍ പരീക്ഷാഫലത്തിലാണു വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ തോറ്റത്. കഴിഞ്ഞ 13ന്് ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ പരീക്ഷ എഴുതിയ 2482 വിദ്യാര്‍ത്ഥികളില്‍ എല്ലാ വിഷയത്തിനും ജയിച്ചത് 773 പേര്‍ മാത്രം. മാനേജ്‌മെന്റ് ഒപ്റ്റിമൈസേഷന്‍, സ്‌പെഷലൈസ്ഡ് അക്കൗണ്ടിങ് തുടങ്ങിയ വിഷയങ്ങളിലാണു കൂടുതല്‍ പേരും തോറ്റത്. പല കോളജിലെയും മുഴുവന്‍ വിദ്യാര്‍ത്ഥികളും ഈ വിഷയങ്ങളില്‍ തോറ്റു.

മൂല്യനിര്‍ണയത്തില്‍ അദ്ധ്യാപകര്‍ അലംഭാവം കാട്ടിയതാണു തോല്‍വിക്കു കാരണമെന്നും ചില വിദ്യാര്‍ത്ഥികള്‍ പറയുന്നു. എളുപ്പമുള്ള പേപ്പറുകളിലാണു കൂട്ടത്തോല്‍വി എന്നതും ഈ സംശയത്തിന് ആക്കം കൂട്ടുന്നു. പിജി പരീക്ഷയില്‍ ഇത്രയും തോല്‍വി ഉണ്ടാകുന്നത് അപൂര്‍വമാണെന്നു കോളജ് അദ്ധ്യാപകരും ചൂണ്ടിക്കാട്ടിയതോടെ വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലാ ചാന്‍സലറായ ഗവര്‍ണര്‍ക്കും വൈസ് ചാന്‍സലര്‍ക്കും പരാതി നല്‍കി. സര്‍വകലാശാലയുമായി ബന്ധപ്പെട്ടപ്പോള്‍ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാനുള്ള നിര്‍ദേശമാണു വിദ്യാര്‍ത്ഥികള്‍ക്കു ലഭിച്ചത്.

എന്നാല്‍ പുനര്‍മൂല്യനിര്‍ണയത്തിന്റെ ഫലം പലപ്പോഴും സപ്ലിമെന്ററി പരീക്ഷയെക്കാള്‍ വൈകുമെന്നതും വിദ്യാര്‍ത്ഥികളെ ആശങ്കയിലാഴ്‌ത്തുന്നു. പുനര്‍മൂല്യനിര്‍ണയം വേഗത്തില്‍ പൂര്‍ത്തിയാക്കി വര്‍ഷം നഷ്ടമാകുന്നത് ഒഴിവാക്കണം എന്നതാണു വിദ്യാര്‍ത്ഥികളുടെ ആവശ്യം. താരതമ്യേന വിഷമമുള്ള വിഷയങ്ങളില്‍ കൂടുതല്‍ പേര്‍ ജയിച്ചിട്ടുമുണ്ട്. ഇന്റേണല്‍ പരീക്ഷയ്ക്കു മികച്ച മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കു പോലും സെമസ്റ്റര്‍ പരീക്ഷ ജയിക്കാനായില്ല. നാലാം സെമസ്റ്റര്‍ ക്ലാസുകള്‍ നടക്കുന്നതിനിടെയാണ് ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെ ഫലം വന്നത്.

എംജി സര്‍വകലാശാലയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന കൂട്ടത്തോല്‍വിയെക്കുറിച്ചും പുനര്‍മൂല്യനിര്‍ണയത്തിലെ സാമ്ബത്തിക താല്‍പര്യങ്ങളെക്കുറിച്ചും അന്വേഷണം നടത്തണമെന്നവശ്യപ്പെട്ട് കെഎസ്‌യു ജില്ലാ കമ്മിറ്റിയും ഗവര്‍ണര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്.