തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ ക്ഷാമമുണ്ടെന്ന സര്‍ക്കാര്‍ വാദം തെറ്റ്. ഏപ്രില്‍ 15ലെ കണക്കനുസരിച്ച്‌ സംസ്ഥാനത്ത് 5,17,480 ഡോസ് വാക്‌സിന്‍ സ്‌റ്റോക്കുണ്ട്. ഇന്നലെ രാത്രിയോടെ രണ്ട് ലക്ഷം ഡോസ് വാക്‌സിന്‍ കൂടി എത്തി. ഇതോടെ ഏഴേകാല്‍ ലക്ഷത്തോളം ഡോസ് സ്‌റ്റോക്കുണ്ട്.

രണ്ട് ലക്ഷത്തോളം ഡോസാണ് പ്രതിദിനം വാക്‌സിനേഷന് വേണ്ടത്. ഏപ്രില്‍ 15ന് രാത്രി വരെയുള്ള കണക്കനുസരിച്ച്‌ 2,05,933 പേര്‍ക്കാണ് അന്ന് വാക്‌സിന്‍ നല്‍കിയത്. 15ന് വാക്‌സിന്‍ നല്‍കേണ്ടത് 3,43,473 പേര്‍ക്കാണ്. അതായത് 60 ശതമാനം പേര്‍ക്ക് മാത്രമാണ് വാക്‌സിന്‍ നല്‍കിയത്. അതേസമയം കൊവാക്‌സിനും കൊവിഷീല്‍ഡും കൂടി 5,17,480 ഡോസ് സ്റ്റോക്കുമുണ്ട്.

ഇന്നലെ 1,73,720 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അത് കുറച്ചാലും 3,43,760 ഡോസ് ഇന്നലെ കൈവശമുണ്ട്. ഇന്നലെയെത്തിയ രണ്ട് ലക്ഷം വാക്‌സിന്‍ കൂടിയാകുന്നതോടെ അഞ്ചര ലക്ഷത്തോളം ഡോസ് സ്റ്റോക്കുണ്ട്. വാക്‌സിന്‍ വിതരണം ചെയ്യുന്നതനുസരിച്ച്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയം വാക്‌സിന്‍ എത്തിക്കുന്നുണ്ട്.

സംസ്ഥാനത്ത് ഇതുവരെ 56,74,896 പേരാണ് വാക്‌സിന്‍ എടുത്തത്. 50,36,612 പേര്‍ ആദ്യഡോസ് വാക്‌സിനും 6,38,257 പേര്‍ രണ്ടാമത്തെ ഡോസും എടുത്തു. കൊവാക്‌സിന്‍ 2,20,530- കൊവിഷീല്‍ഡ് 2,96,910- ഡോസുകള്‍ 15ലെ കണക്കനുസരിച്ച്‌ സംസ്ഥാനത്തുണ്ട്. ആദ്യം വിതരണം ചെയ്ത കൊവാക്‌സിന്റെ 2.20 ലക്ഷം ഡോസ് ഇപ്പോഴും സ്റ്റോക്കുണ്ട്. എന്നാല്‍ ഇത് വിതരണം ചെയ്യുന്നില്ല. ആദ്യം കൊവാക്‌സിന്‍ എടുത്തവര്‍ക്ക് രണ്ടാമത്തെ ഡോസ് നല്‍കാനായി പിടിച്ചുവച്ചിരിക്കുകയാണ്. ഇപ്പോള്‍ കൊവിഷീല്‍ഡ് മാത്രമാണ് വിതരണം ചെയ്യുന്നത്. ഇതാണ് സംസ്ഥാനത്ത് വാക്‌സിന്‍ പ്രതിസന്ധിയുണ്ടെന്ന് പ്രചരിപ്പിക്കുന്നതിന്റെ പ്രധാന കാരണം.

ഏപ്രില്‍ 15 രാത്രി വരെയുള്ള കണക്കനുസരിച്ച്‌ ഓരോ ജില്ലയിലും സ്റ്റോക്കുള്ള വാക്‌സിന്റെ കണക്കിങ്ങനെ: ആലപ്പുഴ-20,640, എറണാകുളം-35,900, ഇടുക്കി-11,170, കണ്ണൂര്‍-28,970, കാസര്‍കോട്-57,240, കൊല്ലം-12,710, കോട്ടയം-27,470, കോഴിക്കോട്-55,170, മലപ്പുറം-51,700, പാലക്കാട്-19,700, പത്തനംതിട്ട-31,770, തിരുവനന്തപുരം-28,380, തൃശൂര്‍-30,700, വയനാട്-28,960. കൂടാതെ റീജണല്‍ വാക്‌സിന്‍ സ്റ്റോറുകളായ എറണാകുളം-25,000, കോഴിക്കോട്-24,000, തിരുവനന്തപുരം-28,000.