കൊച്ചി: ആദ്യം വധുവിന്റെ വോട്ട്, പിന്നെ മിന്നുകെട്ട്, വീണ്ടും ബൂത്തിലെത്തി വരന്റെ വോട്ട്. താലികെട്ടും വോട്ടും ഒരേ ദിവസമായതിനാല്‍ ബൂത്തിലും പള്ളിയിലുമായി ഓടുകയായിരുന്നും മലയാറ്റൂരിലെ വധൂവരന്മാര്‍. മലയാറ്റൂര്‍ പാലാട്ടി സെബിയും അര്‍ണാട്ടുകര ചാലിശ്ശേരി റോസ്മിക്കുമാണ് വിവാഹദിനത്തില്‍ തന്നെ വോട്ടു രേഖപ്പെടുത്താനുള്ള സുവര്‍ണ അവസരം ലഭിച്ചത്. കല്യാണമാണെങ്കിലും വോട്ടു കളയില്ലെന്ന ദൃഢനിശ്ചയത്തിലായിരുന്നു ഇവര്‍.

റോസ് മിക്ക് അരണാട്ടുകര തരകന്‍സ് സ്‌കൂളിലായിരുന്നു വോട്ട്. ആദ്യം വോട്ടു ചെയ്യാനാണ് റോസ്മി എത്തിയത്. വോട്ട് ചെയ്തതിനു ശേഷമാണ് ഒരുങ്ങി താലികെട്ടിനായി സെബിയുടെ നാടായ മലയാറ്റൂരിലേക്ക് പുറപ്പെട്ടത്. മലയാറ്റൂര്‍ സെന്റ് തോമസ് ചര്‍ച്ചിലായിരുന്നു വിവാഹം. 11.30 ഓടെ വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയായി. താലികെട്ടിനു ശേഷം ഇരുവരും വീണ്ടും ബൂത്തിലേക്കെത്തി. സെബിന്റ വോട്ട് രേഖപ്പെടുത്താനാണ് വീണ്ടും ബൂത്തിലെത്തിയത്.സെന്റ് തോമസ് സ്‌കൂളിലെത്തി സെബിയും വോട്ടു ചെയ്തു. വിവാഹ ദിനത്തിലും വോട്ടു രേഖപ്പെടുത്തി മാതൃകയായ വധൂവരന്മാര്‍ ഉച്ചയോടെ മറ്റു വിവാഹത്തിരക്കുകളിലേക്കു മടങ്ങി