ന്യൂയോർക്ക് ∙ ആതുരസേവന രംഗത്തെ അനിവാര്യ ഘടകമായ നഴ്സുമാരെ ഏകോപിപ്പിക്കുന്നതിനും, ആവശ്യമായ സഹായങ്ങളും അറിവും ഊർജവും നൽകി, ആതുര സേവന രംഗത്തെ മാലാഖമാരോടൊപ്പം കൈകോർക്കാൻ, ഫോമയുടെ നേതൃത്വത്തിൽ ഡോ, മിനി എലിസബത്ത് മാത്യു ചെയർ പേഴ്‌സണായും, ഡോ. റോസ്മേരി കോലെൻചേരി വൈസ് ചെയർ പേഴ്‌സണായും, എലിസബത്ത് സുനിൽ സാം സെക്രട്ടറിയായും, ഡോ. ഷൈല റോഷിൻ ജോയിന്റ് സെക്രട്ടറിയായും ഫോമാ നഴ്‌സിങ് സമിതിക്ക് രൂപം നൽകി. ആദ്യമായാണു അമേരിക്കൻ മലയാളി നഴ്സുമാരെ ഏകോപിപ്പിക്കുന്ന ഒരു സമിതിക്ക് ഒരു മലയാളി സംഘടന, രൂപം നൽകുന്നത്.

മുൻവിധികളില്ലാത്ത, നീണ്ടു പോയേക്കാവുന്ന മഹാമാരിയുൾപ്പടെയുള്ള നിരവധി രോഗങ്ങൾക്ക് ഇരയായവരെ സേവന സന്നദ്ധതയും, ആത്മാർഥതയും കൈമുതലാക്കി മാത്രം, കരുതലോടെ പരിചരിക്കുന്നവരാണ് നഴ്‌സുമാർ. ‘സ്നേഹത്തിനു സുഖപ്പെടുത്താനാവാത്തത് ഒരു നഴ്‌സിന് സുഖപ്പെടുത്താനാവും’എന്ന ചൊല്ല് അന്വർത്ഥമാകുന്നത് അതുകൊണ്ടാണ്. കാരുണ്യവും,കരുതലും ദയവായ്‌പ്പും കൈമുതലായുള്ള മാലാഖമാർ, ഉറ്റവരും ഉടയവരും, തന്നോടോപ്പമില്ലാത്ത ഏതു കാലാവസ്ഥയിലും, ഒരമ്മ മക്കളെയെന്നപോലെ , ഒരു സഹോദരി സഹോദരനെയെന്ന പോലെ, ഒരു അച്ഛൻ മകനെയോ മകളെയോ എന്നപോലെ ചേർത്ത് പിടിച്ചു നമ്മൾക്ക് ഏതു പ്രതിസന്ധിയെയും നേരിടാൻ ഊർജ്ജം നൽകുന്നവരാണ് .

ആതുരസേവനരംഗത്ത് ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന മലയാളി നഴ്സുമാർക്ക് ആവശ്യമായ സഹായങ്ങൾ,നൽകുക, പരിശീലന കളരി സംഘടിപ്പിക്കുക. വിവിധ മേഖലകളിലെ തൊഴിൽ സംബന്ധമായ അറിയിപ്പുകളും, ആവശ്യമായ തൊഴിൽ സഹായങ്ങളും നൽകുക,ആരോഗ്യ രംഗത്തെ മാറ്റങ്ങളെ ബോധ്യപ്പെടുത്തുക, സാമ്പത്തിക സഹായങ്ങൾ ചെയ്തു കൊടുക്കുക തുടങ്ങി നിരവധി പരിപാടികളാണ് മലയാളി നഴ്സിങ് ഫോറം കൊണ്ട് ഉദ്ദേശിക്കുന്നത്

ഫോമയുടെ ട്രഷറർ തോമസ് ടി ഉമ്മന്റെ മേൽനോട്ടത്തിലാണ് മലയാളി നഴ്സിങ് സമിതി രൂപീകൃതമായിട്ടുള്ളത്.ഫോമാ ദേശീയസമിതി അംഗമായ ബിജു ആൻറണി ആണ് നഴ്സിംഗ് ഫോറത്തിന്റെ കോഡിനേറ്റർ.

ചെയർ പേഴ്‌സണായ ഡോ, മിനി എലിസബത്ത് മാത്യു ഫ്‌ലോറിഡയിൽ ഫോർട്ട് മയേഴ്സിൽ ഡി.എൻപി, പൾമണറി, ക്രിട്ടിക്കൽ കെയർ ആൻഡ് സ്ലീപ് മെഡിസിൻ നഴ്‌സ് പ്രാക്ടീഷണറും അഡ്മിനിസ്ട്രേറ്റീവ് സൂപ്പർവൈസറുമായി ജോലി ചെയ്തു വരികയാണ്. നഴ്‌സിങ് പ്രാക്ടീസിൽ ഡോക്ടറേറ്റ് ബിരുദം നേടിയ ഡോക്ടർ മിനി അമേരിക്കൻ അസോസിയേഷൻ ഓഫ് നഴ്‌സ് പ്രാക്ടീഷണേഴ്‌സിന്റെയും അമേരിക്കൻ അസോസിയേഷൻ ഓഫ് ക്രിട്ടിക്കൽ കെയർ നഴ്‌സുമാരുടെയും സജീവ അംഗമാണ്. സൗദി അറേബ്യയിലെ ഖത്തീഫ് സെൻട്രൽ ഹോസ്പിറ്റലിന്റെ മികച്ച നഴ്‌സ് അവാർഡും, ഫ്ലോറിഡയിലെ ഫോർട്ട് മയേഴ്സിലെ ലീ ഹെൽത്തിൽ എക്സലൻസ് അവാർഡും നേടിയിട്ടുണ്ട്.

പേഴ്‌സണൽ മാനേജ്‌മെന്റ് , കംപ്യൂട്ടർ സയൻസ് എന്നിവയിൽ ബിരുദാനന്തര ബിരുവുമുള്ള വ്യക്തിയാണ് വൈസ് ചെയർപേഴ്‌സനായി തിരഞ്ഞെടുക്കപ്പെട്ട റോസ് മേരി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്സിന്റെ സർട്ടിഫൈഡ് അസോസിയേറ്റ് അംഗവും കൂടിയാണ്. നിലവിൽ അമിത ഹെൽത്ത് ഹിൻഡ്‌സ്ഡെലിൽ കേസ് മാനേജുമെന്റ് വിഭാഗത്തിൽ പ്രവർത്തിച്ചു വരുന്നു. അരിസോണയിലെ ഫീനിക്സിൽ ഔട്ട്‌പേഷ്യന്റ് ഇന്റേണൽ മെഡിസിൻ പ്രാക്ടീസിൽ പിസിപി നഴ്‌സ് പ്രാക്ടീഷണറായി ജോലി ചെയ്തുവരികയാണ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എലിസബത്ത് സുനിൽ സാം. അരിസോണ ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ (അസീന) സജീവ അംഗമാണ്.

ജോയിന്റ് സെക്രട്ടറിയായ ഡോ. ഷൈല റോഷിൻ നഴ്‌സിങ് ഡയറക്ടറായി ന്യൂയോർക്ക് കിങ്‌സ് കൗണ്ടി ആശുപത്രിയിലും, നഴ്സ് പ്രാക്ടീഷണറായി ബ്രുക്_ലിനിൽ subacute റീഹാബിലും സേവനമനുഷ്ടിക്കുന്നു. ക്ലിനിക്കൽ പ്രാക്ടീസിലും നഴ്സിങ് വിദ്യാഭ്യാസത്തിലും 25 വർഷത്തിലധികം പരിചയമുള്ള ഷൈല റോഷിൻ അഡ്മിനിസ്‌ട്രേറ്ററായും നഴ്സ് എഡ്യൂക്കേറ്റർ ആയും ഇതിനു മുൻപ് ജോലി ചെയ്തിട്ടുണ്ട്.

ആതുര സേവന രംഗത്തെ മാലാഖമാർക്ക് കരുത്തും ഊർജ്ജവും, പകരാൻ കഴിയുന്ന പ്രവർത്തനങ്ങൾ ഏകോപിക്കാൻ ഫോമാ നഴ്‌സിങ് ഫോറത്തിന്റെ ഭാരവാഹികൾക്ക് കഴിയട്ടെയെന്നും ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്, ജനറല്‍ സെക്രട്ടറി ടി. ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, എന്നിവർ ആശംസകൾ അർപ്പിച്ചു.