സി.പി.എമ്മില്‍ വ്യക്തിപൂജ പാരമ്യത്തില്‍ എത്തിനില്‍ക്കുകയാണെന്നും, സിനിമാതാരങ്ങളെ അണിനിരത്തി താരനിശ നടത്തുന്ന മുഖ്യമന്ത്രി കേരളത്തിലെ സി.പി.എമ്മിന്റെ പുതിയ മുഖമാണെന്നും കേന്ദ്ര മന്ത്രി വി.മുരളീധരന്‍.

‘സി.പി.എമ്മില്‍ വ്യക്തിപൂജ പാരമ്യത്തില്‍ എത്തിനില്‍ക്കുകയാണ്. അത് ഏറ്റവും അപഹാസ്യമായ രൂപത്തിലേക്കെത്തി. സിനിമാതാരങ്ങളെ അണിനിരത്തി താരനിശ നടത്തുന്ന മുഖ്യമന്ത്രി കേരളത്തിലെ സി.പി.എമ്മിന്റെ പുതിയ മുഖമാണ്. ധര്‍മ്മടത്ത് വിജയിക്കണമെങ്കില്‍ സിനിമാതാരങ്ങളെ അണിനിരത്തണമെന്ന ഗതികേടിലായോ പിണറായി എന്നാണ് പാര്‍ട്ടി അണികള്‍ ചോദിക്കുന്നത്’. വാളയര്‍ കുഞ്ഞുങ്ങളുണ്ടോ അമ്മ മത്സരിക്കുന്നോയെന്ന ആശങ്ക പിണറായിക്കുണ്ടെന്നും വി. മുരളീയധരന്‍ പറഞ്ഞു.

താരനിശ നടത്തുന്നതിനുളള പണം എവിടെ നിന്ന് വരുന്നുവെന്ന് വ്യക്തമാക്കണമെന്നും, കളളപ്പണ ഇടപാടില്‍ നിന്നുകിട്ടിയ വിഹിതമാണോ ഇതെന്ന് ജനങ്ങള്‍ക്കറിയണമെന്നും വി.മുരളീധരന്‍ പറഞ്ഞു. ‘ബി.ജെ.പി ശക്തമായ മത്സരം നടത്തുന്ന ഇരുപത് മണ്ഡലങ്ങളിലെങ്കിലും കോണ്‍ഗ്രസ്-സി.പി.എം ധാരണയുണ്ട്. മഞ്ചേശ്വരത്ത് ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ വോട്ട് അഭ്യര്‍ത്ഥന നടത്തിയ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്റെ വാക്കുകള്‍ ഇതിന് തെളിവാണെന്നും വി. മുരളീധരന്‍ വ്യക്തമാക്കി.