കേരള കോൺഗ്രസ് എമ്മിന് വിട്ട് നൽകുന്ന സീറ്റുകളിൽ എൽഡിഎഫിൽ അവ്യക്തത തുടരുന്നു. സിപിഐയുമായി നടന്ന ഉഭയകക്ഷി ചർച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ജനതാദൾ എസിനും ജെഡിഎസിനും നാലുവീതവും എൻസിപിക്ക് മൂന്നു സീറ്റുകളിലുമാണ് ഉറപ്പുലഭിച്ചത്. ജനാധിപത്യ കേരളാ കോൺഗ്രസിന് ഒരു സീറ്റിൽ ഒതുങ്ങേണ്ടി വരും.

അന്തിമതീരുമാനമെടുക്കാൻ വീണ്ടും ഉഭയകക്ഷി ചർച്ചയുണ്ടാകുമെന്നാണ് സൂചന. കൂത്തുപറമ്പ്, വടകര, കൽപറ്റ സീറ്റുകൾ എൽജെഡിക്ക് സിപിഐഎം ഉറപ്പുനൽകി. ഒരു സീറ്റുകൂടി ലഭിക്കുമെങ്കിലും, തെക്കൻകേരളത്തിൽ വേണമെന്ന ആവശ്യത്തിലാണ് എൽജെഡി. തിരുവല്ല, ചിറ്റൂർ, കോവളം, അങ്കമാലി സീറ്റുകളാണ് ജനതാദൾ എസിന്. സി.കെ.നാണുവിന്റെ സിറ്റിംഗ് സീറ്റായ വടകര വേണമെന്ന ആവശ്യം ജെഡിഎസ് ഉന്നയിച്ചിട്ടുണ്ട്. എൻസിപിക്ക് കോട്ടക്കൽ ഉൾപ്പെടെ മൂന്നു സീറ്റുകൾ ലഭിക്കും. കുട്ടനാടോ, എലത്തൂരോ വെച്ചുമാറണമെന്ന ആഗ്രഹം സിപിഐഎം പ്രകടിപ്പിച്ചു. കഴിഞ്ഞ തവണ നാല് സീറ്റിൽ മത്സരിച്ച ജനാധിപത്യ കേരളാ കോൺഗ്രസിന് ഇക്കുറി തിരുവനന്തപുരം സീറ്റുമാത്രമാണ് സിപിഐഎം കരുതിവെച്ചിരിക്കുന്നത്. കേരളാ കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളിലെ ഒരു സീറ്റ് നിർബന്ധമായും വേണമെന്ന ആവശ്യം അവർ ഉന്നയിച്ചു. കേരളാകോൺഗ്രസ് എമ്മുമായി നാളെ നടത്തുന്ന ഉഭയകക്ഷി ചർച്ചക്കുശേഷമേ സീറ്റുവിഭജനത്തിൽ അന്തിമതീരുമാനമാകൂ. പത്തിന് എല്ലാ സീറ്റുകളിലേയും സ്ഥാനാർഥികളെ ഒന്നിച്ചുപ്രഖ്യാപിക്കാനാണ് എൽഡിഎഫ് ശ്രമം.