കേരള- കര്‍ണാടക അതിര്‍ത്തി വഴിയുള്ള യാത്രാ നിയന്ത്രണത്തിനെതിരെ കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. മുന്‍ തുളു അക്കാദമി ചെയര്‍മാന്‍ സബ്ബയ്യറൈ ആണ് സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയത്

ഉത്തരവിന് ഇടക്കാല സ്റ്റേ വേണമെന്ന് ഹര്‍ജിക്കാരന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം അതിര്‍ത്തി വഴിയുള്ള യാത്രയ്ക്ക് കര്‍ണാടക ഇന്നും ഇളവ് നല്‍കും. എന്നാല്‍ അന്തര്‍ സംസ്ഥാന യാത്ര നിരോധിച്ചിട്ടില്ല.

മുന്‍കരുതല്‍ നടപടിയായി കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് പ്രവേശിക്കുന്ന യാത്രക്കാര്‍ 72 മണിക്കൂര്‍ മുന്‍പുള്ള ആര്‍ടിപിസിആര്‍ പരിശോധനാ ഫലം നിര്‍ബന്ധമായും ഹാജരാക്കണമെന്ന് മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് കര്‍ണാടക ആരോഗ്യ മന്ത്രി ഡോ. കെ സുധാകര്‍ വ്യക്തമാക്കി. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ച സാഹചര്യത്തില്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടാകുമോ എന്നതും ഇന്നറിയാം.