കൊവിഡ് പ്രതിരോധത്തില്‍ കേരളത്തെ കുറ്റപ്പെടുത്തിയ കേന്ദ്രമന്ത്രി ഹര്‍ഷവര്‍ദ്ധന്റെ പ്രസ്താവന തളളി രാഹുല്‍ഗാന്ധി എംപി. ജനങ്ങളുടെ മികച്ച ഇടപെടല്‍ കൊവിഡ് പ്രതിരോധത്തെ ഫലപ്രദമാക്കുന്നുണ്ട്. കേരളത്തിന് എതിരെയുള്ള മന്ത്രിയുടെ വിമര്‍ശനം ദൗര്‍ഭാഗ്യകരമെന്നും അദ്ദേഹം പറഞ്ഞു. ഒന്നിച്ച് നില്‍ക്കേണ്ട സമയത്ത് വിമര്‍ശനങ്ങളോട് യോജിക്കാനാകില്ലെന്നും രാഹുല്‍.

സ്വര്‍ണക്കടത്ത് കേസില്‍ നീതിപൂര്‍വമായ അന്വേഷണം നടക്കട്ടെയെന്നും സര്‍ക്കാരിനെ പൂര്‍ണമായി തളളാതെ രാഹുല്‍ പറഞ്ഞു.ചൈന രാജ്യത്തിന്റെ അതിര്‍ത്തിയില്‍ കയ്യേറ്റം നടത്തിയിട്ടും പ്രധാനമന്ത്രി കള്ളം പറയുകയാണെന്നും രാജ്യത്തിനകത്ത് ഭിന്നത വളര്‍ത്തി രാജ്യത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്നും രാഹുല്‍ വിമര്‍ശനമുന്നയിച്ചു. ചൈന കൈയടക്കിയ 1200 കിലോമീറ്റര്‍ എപ്പോള്‍ തിരിച്ചുപിടിക്കുമെന്ന് ഇന്നെങ്കിലും പറയണം. ബിജെപി ഭരണം രാജ്യത്തെ എല്ലാ മേഖലകളെയും തകര്‍ത്തുവെന്നും രാഹുല്‍.

കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാറിനെ കുറ്റപ്പെടുത്തിയ രാഹുല്‍ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമെന്ന് വിലയിരുത്തി. സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനമില്ല. നീതിപൂര്‍വ്വമായ അന്വേഷണം നടക്കട്ടേയെന്നും ഇതിലൂടെ സത്യം പുറത്ത് വരട്ടെയെന്നും രാഹുല്‍.

രാവിലെ രാഹുല്‍ വിളിച്ച് ചേര്‍ത്ത കൊവിഡ് അവലോകനയോഗത്തിലും കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ധനവിനിയോഗ അവലോകനയോഗത്തിലും സിപിഐഎം എംഎല്‍എമാര്‍ പങ്കെടുത്തില്ല. നേരത്തെ അറിയിച്ചില്ലെന്നാണ് എംഎല്‍എമാര്‍ പറയുന്നത്. യുഡിഎഫ് പ്രതിനിധിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് യോഗത്തില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചതും വിവാദമായി.