വാഷിങ്ടൻ∙ യുഎസ് തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്കു കടക്കവേ ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾക്കെതിരെ കടുത്ത ആരോപണവുമായി റിപ്ലബ്ലിക്കന്‍ അനുഭാവികള്‍. ബൈഡന‌ും കുടുംബത്തിനും എതിരായ വിവാദ ലേഖനത്തിനു ട്വിറ്റര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടർന്നാണ് പ്രതിഷേധം.

2016ല്‍ ഹിലരി ക്ലിന്‍റണ്‍ വിജയമുറപ്പിച്ച പ്രീ പോള്‍ സര്‍വേകള്‍ക്കുശേഷം വളരെ പെട്ടെന്നാണ് ഇമെയില്‍ വിവാദം ഉയര്‍ന്നുവന്നത്. സ്വകാര്യ ഇമെയിലുകള്‍ ദുരുപയോഗിച്ചു എന്ന ആരോപണത്തില്‍ എഫ്ബിഐ അന്വേഷണം പുനരാരംഭിച്ചതോടെ ഹിലരിക്ക് അടിപതറി. ഇക്കുറിയും സമാന സ്ഥിതിയാണ്. ബൈഡനു മുന്‍തൂക്കമുറപ്പിച്ച് പ്രീ പോള്‍ സര്‍വേകള്‍ വന്നതിനു പിന്നാലെയാണ് ബൈഡന്‍റെ മകന്‍ ഹണ്ടര്‍ ബൈഡനെതിരെ ന്യൂയോര്‍ക്ക് പോസ്റ്റ് ലേഖനമെത്തുന്നത്. യുക്രെയ്നിലെ ഗ്യാസ് കമ്പനിയുമായുള്ള മകന്റെ വഴിവിട്ട ഇടപാടുകള്‍ക്കു ബൈഡന്‍ സഹായം ചെയ്തത് വ്യക്തമാക്കുന്ന ഇ മെയിലുകളാണ് വിഷയം. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നു ട്രംപ് പ്രഖ്യാപിച്ചു കഴിഞ്ഞു.

ബൈഡനെയും കുടുംബത്തെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വിവാദ ലേഖനം റിപ്ലബ്ലിക്കൻ അനുഭാവികള്‍ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു തുടങ്ങിയതോടെയാണ് ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾ ലേഖനത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ലേഖനം പങ്കുവച്ച വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയുടെ വ്യക്തിഗത അക്കൗണ്ടിനും വൈറ്റ് ഹൗസ് ജുഡീഷ്യറി കമ്മിറ്റിയുടെ വെബ് പേജിനും ട്വിറ്റര്‍ വിലക്കിട്ടതോടെ പ്രതിഷേധം കടുത്തു.