തിരുവനന്തപുരം: പി ജെ ജോസഫിനും മോൻസ് ജോസഫിനും സ്പീക്കറുടെ നോട്ടീസ്. വിപ്പ് ലംഘിച്ച് അവിശ്വാസപ്രമേയത്തിൽ പങ്കെടുത്തു എന്ന പരാതിയിലാണ് നടപടി. ജോസ് വിഭാഗം വിപ്പ് റോഷി അഗസ്റ്റിൻ എംഎൽഎയാണ് സ്പീക്കർക്ക് പരാതി നൽകിയത്. കൂറുമാറ്റ നിയമ പ്രകാരം അയോഗ്യരാക്കാതിരിക്കാൻ കാരണം കാണിക്കണമെന്ന് നോട്ടീസില്‍ പറയുന്നു. ഏഴ് ദിവസത്തിനകം മറുപടി നല്‍കണം. അതേസമയം ജോസഫ് വിഭാഗം റോഷി അഗസ്റ്റിനും ജയരാജിനുമെതിരായ പരാതി നല്കിയിരുന്നു.

ഈ നടപടിയ്ക്ക് മുന്നണി മാറ്റവുമായി ബന്ധമില്ലെന്ന് സ്പീക്കര്‍ അറിയിച്ചു. നടപടിയെടുത്താൽ എംഎൽഎമാർ അയോഗ്യരാകും. നിലവിൽ കേരള കോൺഗ്രസിന്‍റെ ഔദ്യോഗിക വിപ്പ് റോഷി അഗസ്റ്റിനാണ്. റോഷി അഗസ്റ്റിനാണ് ആദ്യം പരാതി നൽകിയത്. എന്തുകൊണ്ട് വിപ്പ് അംഗീകരിച്ചില്ല എന്ന് ചോദിച്ചാണ് നോട്ടീസ്. അതുകൊണ്ടാണ് ഈ പരാതിയിൽ ആദ്യം നടപടിയന്നും സ്പീക്കര്‍ പ്രതികരിച്ചു.അന്തിമ തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്, കോടതി വിധി എന്നിവ പരിശോധിച്ച ശേഷമായിരിക്കും.