ബോളിവുഡില്‍ വലിയ ചലനങ്ങള്‍ സൃഷ്ട്ടിച്ച ഒന്നായിരുന്നു നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം. താരത്തിന്റെ മരണത്തിലുള്ള ദുരൂഹതക്ക് പുറകെയാണ് അന്വഷകര്‍. സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തില്‍ കള്ളപ്പണലോബിയുടെ സാന്നിധ്യം അന്വേഷിക്കാന്‍ ഒരുങ്ങുകയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സുശാന്തിന്റെ വരുമാനം ആരെങ്കിലും നിയമവിരുദ്ധ കാര്യങ്ങള്‍ക്ക് ഉപയോഗിച്ചോയെന്ന് അന്വേഷിക്കുന്നതിനാണ് എന്‍ഫോഴ്സ്മെന്റ് തയാറെടുക്കുന്നത്.

നടി റിയ ചക്രവര്‍ത്തിക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ഇ.ഡി ബിഹാര്‍ പൊലീസിന് കത്ത് നല്‍കി. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയ എഫ്.ഐ.ആര്‍ പട്‌നയില്‍ നിന്ന് മുംബൈയിലേക്ക് മാറ്റണമെന്ന നടി റിയ ചക്രവര്‍ത്തിയുടെ ആവശ്യത്തില്‍ ബിഹാര്‍ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ തടസഹര്‍ജി സമര്‍പ്പിച്ചു. തങ്ങളുടെ ഭാഗം കേട്ട ശേഷം മാത്രമേ തീരുമാനമെടുക്കാന്‍ പാടുള്ളുവെന്ന് ബിഹാര്‍ സര്‍ക്കാര്‍ അറിയിച്ചു.

പതിനഞ്ച് കോടിയുടെ ദുരൂഹ ഇടപാട് നടന്നിട്ടുണ്ടെന്ന് എഫ്.ഐ.ആറില്‍ പരാമര്‍ശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കള്ളപ്പലോബിയുടെ സാന്നിധ്യം സംബന്ധിച്ച്‌ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്താനൊരുങ്ങുന്നത്. ഇതിനിടെ, സുശാന്തിന്റെ മുന്‍ പെണ്‍സുഹൃത്ത് അങ്കിത ലൊഖാണ്ഡേയുടെ മൊഴി ബിഹാര്‍ പോലീസ് രേഖപ്പെടുത്തി. റിയ ചക്രവര്‍ത്തിക്കെതിരായാണ് അങ്കിതയുടെ മൊഴി എന്നതും ശ്രദ്ധേയമാണ്.