ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ കഴിഞ്ഞ രണ്ട് സീസണുകളില്‍ വൂള്‍വ്‌സിന് വേണ്ടി കളിച്ച മെക്സിക്കന്‍ സ്‌ട്രൈക്കര്‍ റൗള്‍ ഹിമിനെസിനെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. 29കാരനെ വില്‍ക്കുന്ന കാര്യം വൂള്‍വസ് തീരുമാനിച്ചതായി പോര്‍ച്ചുഗീസ് മാധ്യമം ആര്‍ടിപി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കഴിഞ്ഞ സീസണില്‍ പോര്‍ച്ചുഗീസ് ക്ലബ്ബായ ബ്രാഗയ്ക്ക് വേണ്ടി കളിച്ച മുന്നേറ്റനിരതാരം പൗളീഞ്ഞോയെ സൈന്‍ ചെയ്യാനുള്ള ഒരുക്കത്തിലാണ് വൂള്‍വസ്. ഇതിന്റെ ബഹാഗമായാണ് ഹിമിനെസുമായുള്ള കരാര്‍ അവസാനിക്കാന്‍ ഒരുങ്ങുന്നത്. 2018-2019 സീസണിലാണ് ഹിമിനെസ് പ്രീമിയല്‍ ലീഗില്‍ എത്തുന്നത്. ആദ്യ സീസണില്‍ 13 രണ്ടാം സീസണില്‍ 17ഉം ഗോളുകള്‍ നേടിയ താരത്തെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താത്പര്യം കാണിച്ചതായാണ് റിപ്പോര്‍ട്ട്.

ആന്റോണി മാര്‍ഷ്യല്‍, മാര്‍ക്കസ് രാഷ്‌ഫോര്‍ഡ്, മേസണ്‍ ഗ്രീന്‍വുഡ് എന്നിവരാണ് നിലവില്‍ യുണൈറ്റഡിന്റെ ആവനാഴിയിലുള്ള സ്‌ട്രൈക്കര്‍മാര്‍. കഴിഞ്ഞ സീസണില്‍ ഇറ്റാലിയന്‍ ക്ലബായ ഇന്റര്‍ മിലാനില്‍ ലോണാടിസ്ഥാനത്തില്‍ കളിച്ച സാഞ്ചസ് യുണൈറ്റഡില്‍ മടങ്ങിവരാന്‍ ആഗ്രഹിക്കുന്നില്ല എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈയൊരു ഒഴിവ് നികത്തലാണ് പരിശീലകന്‍ ഒലെ സോള്‍ഷ്യറിന് മുന്നിലുള്ള ദൗത്യം.

പ്രീമിയര്‍ ലീഗില്‍ മികച്ച രണ്ട് സീസണുകളുടെ അനുഭവമുള്ള താരമാണ് ഹിമിനെസ്. മെക്‌സിക്കന്‍ താരത്തിന്റെ സ്ഥിരതയിലും യുണൈറ്റഡ് പരിശീലകന് വിശ്വാസമുണ്ട്. ഹിമിനെസിനെ തങ്ങള്‍ ഉദ്ദേശിക്കുന്ന വിലയ്ക്ക് ഓള്‍ഡ് ട്രാഫോഡില്‍ എത്തിക്കാനാകുമെന്നും യുണൈറ്റഡ് കണക്കുകൂട്ടുന്നു.